അമേരിക്കന്‍ അത്‌ലറ്റിക്‌സ് ഇതിഹാസം ഓടിസ് ഡേവിസ് അന്തരിച്ചു

Update: 2024-09-17 08:44 GMT

അമേരിക്കന്‍ അത്‌ലറ്റിക്‌സ് ഇതിഹാസം ഓടിസ് ഡേവിസ് അന്തരിച്ചു. അദ്ദേഹത്തിന് 92 വയസായിരുന്നു. അമേരിക്കക്കായി ഒറ്റ ഒളിംപിക്‌സില്‍ മാത്രം മത്സരിച്ച താരം ഇരട്ട സ്വര്‍ണവുമായാണ് മടങ്ങിയത്. 1960ലെ റോം ഒളിംപിക്‌സിലാണ് താരം ഇരട്ട സ്വര്‍ണം സ്വന്തമാക്കിയത്. 400 മീറ്റര്‍ ഓട്ടത്തിലും 4-400 മീറ്റര്‍ റിലേയിലുമാണ് സുവര്‍ണ നേട്ടങ്ങള്‍. 1960ലെ റോം ഒളിംപിക്‌സില്‍ 400 മീറ്ററില്‍ 44.9 സെക്കന്‍ഡില്‍ ഓടിയെത്തി ലോക റെക്കോര്‍ഡോടെയാണ് താരം സ്വര്‍ണം നേടിയത്. അമേരിക്കയില്‍ ജനിച്ച് ജര്‍മനിക്കായി മത്സരിച്ച കാള്‍ കോഫ്മാനുമായി കടുത്ത പോരാട്ടമാണ് റോം ഒളിംപിക്‌സില്‍ ഓടിസ് കാഴ്ച വച്ചത്. 45 സെക്കന്‍ഡിനുള്ളില്‍ ചരിത്രത്തിലാദ്യമായി ഇരു താരങ്ങളും അന്ന് 400 മീറ്റര്‍ ഓടിയെത്തിയിരുന്നു. ഫോട്ടോ ഫിനിഷിലാണ് ഓടിസ് ചാംപ്യനായത്.

പിന്നാലെയാണ് റിലേയിലും താരം മത്സരിച്ചത്. ഓടിസിനൊപ്പം ഗ്ലെന്‍ ഡേവിസ്, ജാക്ക് യെര്‍മന്‍, ഈല്‍ യങ് എന്നിവരായിരുന്നു സഹ താരങ്ങള്‍. ഒളിംപിക്‌സ് സ്വര്‍ണം നേടുന്ന ഒറിഗണ്‍ യുനിവേഴ്‌സിറ്റിയില്‍ നിന്നുള്ള ആദ്യ താരമെന്ന അനുപമ നേട്ടത്തിനുടമയാണ് ഓടിസ്. 1960ല്‍ ഓടിസ് സ്വര്‍ണം നേടിയ ശേഷം നീണ്ട 56 വര്‍ഷങ്ങള്‍ സര്‍വകലാശാല മറ്റൊരു സുവര്‍ണ നേട്ടത്തിനായി കാത്തിരുന്നു. 2016ലെ റിയോ ഒളിംപിക്‌സില്‍ ഡെക്കാത്‌ലണില്‍ ആഷ്ടന്‍ ഈറ്റന്‍ നേടിയ സ്വര്‍ണമാണ് സ്വര്‍ണ വരള്‍ച്ചയ്ക്ക് വിരാമിട്ടത്. 1932 ജൂലൈ 12നാണ് ഓടിസ് അലബാമയിലെ ടസ്‌കലൂസയിലാണ് ജനിച്ചത്. കൊറിയന്‍ യുദ്ധത്തില്‍ അമേരിക്കന്‍ എയര്‍ ഫോഴ്‌സിന്റെ ഭാഗമായിരുന്നു ഓടിസ്. പിന്നീട് 26ാം വയസില്‍ അദ്ദേഹം ഒറിഗണ്‍ സര്‍വകലാശാലയില്‍ ചേര്‍ന്നു. ബാസ്‌കറ്റ് ബോള്‍ താരമായിട്ടാണ് സര്‍വകലാശ പ്രവേശനം നേടിയതെങ്കിലും പിന്നീട് ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലേക്ക് തിരിയുകയായിരുന്നു.

Tags:    

Similar News