കേരള ക്രിക്കറ്റ് ലീഗിൽ സെമി പോരാട്ടങ്ങൾക്ക് ഇന്ന് തിരുവനന്തപുരം ഗ്രീൻഫീൽഡിൽ ടോസ് വീഴും. ചൊവ്വാഴ്ച 2.30ന് ആദ്യ സെമിയും വൈകീട്ട് 6.30ന് രണ്ടാം സെമിയും നടക്കും. ആറു ടീമുകള്‍ ശക്തി പരീക്ഷിച്ച ലീഗില്‍നിന്ന് കൊല്ലം സെയിലേഴ്സ്, കാലിക്റ്റ് ഗ്ലോബ് സ്റ്റാർ, ട്രിവാൻഡ്രം റോയൽസ്, തൃശൂർ ടൈറ്റൻസ് എന്നിവരാണ് അവസാന നാലിൽ ഇടംപിടിച്ചിരിക്കുന്നത്. കൊല്ലം സെയിലേഴ്സും തൃശൂർ ടൈറ്റൻസും തമ്മിൽ തിങ്കളാഴ്ച രാത്രി നടക്കുന്ന അവസാന മത്സരത്തോടുകൂടി മാത്രമേ സെമി ഫൈനൽ ചിത്രം തെളിയൂ.
ഇന്നലെ ഉച്ചക്ക് നടന്ന മത്സരത്തിൽ ആലപ്പി റിപ്പിൾസിനെ കാലിക്കറ്റ് ആറ് വിക്കറ്റിന് പരാജയപ്പെടുത്തി. സെമിസാധ്യത നിലനിർത്താൻ വിജയം അനിവാര്യമായ ആലപ്പിക്ക് തൊട്ടതെല്ലാം പിഴക്കുകയായിരുന്നു. ഓൾറൗണ്ടർ ടി.കെ. അക്ഷയിയുടെ (57) അർധ സെഞ്ച്വറിയുടെ മികവിൽ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ക്യാപ്റ്റൻ രോഹൻ കുന്നുമല്ലിന് വിശ്രമം അനുവദിച്ച് ടൂർണമെന്റിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായ അഖിൽ സഖറിയയുടെ കീഴിലാണ് കാലിക്കറ്റ് ഇറങ്ങിയത്. ടീമിനെ ബോളുകൊണ്ട് മുന്നിൽനിന്ന് നയിച്ച അഖിലിന്റെ പ്രകടനമാണ് ആലപ്പുഴയുടെ നട്ടെല്ലൊടിച്ചത്. നാലോവറിൽ 26 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളാണ് അഖിൽ നേടിയത്. ആലപ്പുഴയുടെ അക്ഷയിക്ക് പുറമെ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീൻ (15), ആസിഫ് അലി (23) അക്ഷയ് ചന്ദ്രൻ (15*) എന്നിവരൊഴികെ മറ്റാർക്കും ആലപ്പി നിരയിൽ തിളങ്ങാനായില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റ് 15.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു.
പുറത്താകാതെ 38 പന്തിൽ 75 റൺസെടുത്ത സഞ്ജയ് രാജിന്റെ തകർപ്പനടിയാണ് കാലിക്കറ്റിനെ അനായാസ വിജയത്തിലേക്ക് എത്തിച്ചത്. ഇതോടെ കൊച്ചി ബ്ലൂ ടൈഗേഴ്സിന് പിന്നാലെ ആലപ്പി റിപ്പിൾസും സെമി കടക്കാതെ പുറത്താകുകയായിരുന്നു. സഞ്ജയ് രാജാണ് കളിയിലെ താരം. സെമി മത്സരങ്ങള്‍ സ്റ്റാര്‍ സ്പോര്‍ട്സ് ഒന്നിലും ഫാൻകോഡിലും തത്സമയം സംപ്രേഷണംചെയ്യും. മത്സരം കാണാൻ ഗ്രീൻഫീൽഡിലേക്ക് പ്രവേശനം സൗജന്യമാണ്.