അര്‍ജന്റീന ടീം കേരളത്തിൽ‌, കൊച്ചിയിലെത്തി അധികൃതര്‍ ഗ്രൗണ്ട് പരിശോധിക്കും; നൂറ് കോടിയിലധികം രൂപ ചെലവ് വരുമെന്ന് മന്ത്രി

Update: 2024-09-18 09:06 GMT

കേരളത്തില്‍ ഫുട്‌ബോള്‍ അക്കാദമി ആരംഭിക്കുന്നതിനും സൗഹൃദ മത്സരത്തിനും അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അക്കാദമി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന്‍. കേരളത്തിലെ കായിക സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ഫെഡറേഷനുമായി ചര്‍ച്ച നടത്തിയതെന്നും അബ്ദുറഹിമാന്‍ പറഞ്ഞു. നവംബര്‍ ആദ്യത്തില്‍ അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അധികൃതര്‍ കൊച്ചിയിലെത്തി ഗ്രൗണ്ട് പരിശോധിക്കും. ഈ ഘട്ടത്തില്‍ കായിക അക്കാദമി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് കരാര്‍ ഒപ്പുവെക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

'കേരളത്തില്‍ കളിക്കാന്‍ കഴിയുന്ന ഒറ്റ സ്ഥലമേയുള്ളൂ. അത് കൊച്ചിയാണ്. മലപ്പുറത്ത് ആലോചിച്ചിരുന്നു. എന്നാല്‍, അവിടെ സീറ്റ് കുറവാണ്. ഇത്തരമൊരു കളി നടക്കുമ്പോള്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളിക്കേണ്ടതുണ്ട്. കൊച്ചിയില്‍ മാത്രമാണ് ഇത്തരത്തില്‍ കളി നടത്താന്‍ കേരളത്തില്‍ സാധിക്കുന്ന സ്ഥലം', മന്ത്രി പറഞ്ഞു.

അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഫാന്‍സില്‍ മൂന്നിലൊന്നും ഇന്ത്യയിലാണ്. പ്രത്യേകിച്ചും അത് കേരളത്തിലാണ്. അതുകൂടി കണക്കിലെടുത്തിട്ടാകാം അവര്‍ സന്നദ്ധത അറിയിച്ചതെന്നും അബ്ദുറഹിമാന്‍ പറഞ്ഞു. നൂറ് കോടിയിലധികം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇതിന് മുമ്പ് ഡല്‍ഹിയിലെ കളിയില്‍നിന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ മാറാന്‍ കാരണം ഇത്രയധികം ചെലവ് വരുമെന്നുള്ളതുകൊണ്ടാണ്. കേരളം പോലൊരു സംസ്ഥാനത്ത് അതിന് നമുക്ക് ശ്രമിക്കാമെന്നും പ്രതീക്ഷയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News