സൗദിയുടെ വിവിധ മേഖലകളിൽ ജൂൺ 9 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു അസിർ, അൽ ബാഹ, ജസാൻ, മക്ക മുതലായ ഇടങ്ങളിൽ തിങ്കൾ മുതൽ വെള്ളിവരെ ഇടിയോട് കൂടിയ സാമാന്യം ശക്തമായ മഴ ലഭിക്കാനിടയുണ്ട്. ഇതോടൊപ്പം ആലിപ്പഴം പൊഴിയുന്നതിനും, മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്.
കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും, പേമാരിയ്ക്കും സാധ്യതയുണ്ട്. മദീന, ഹൈൽ മേഖലകളിൽ തിങ്കൾ, ചൊവ്വ ദിനങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. ജാഗ്രത പുലർത്താൻ സൗദി സിവിൽ ഡിഫൻസ് നിർദ്ദേശം നൽകിയിട്ടുണ്ട്. വെള്ളക്കെട്ടുകൾ, താഴ്വരകൾ, വെള്ളപ്പൊക്കത്തിനും, വെള്ളത്തിന്റെ കുത്തൊഴുക്കിനും സാധ്യതയുള്ള ഇടങ്ങൾ എന്നിവ സന്ദർശിക്കുന്നത് ഒഴിവാക്കാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.