ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ വൈവിധ്യമാർന്ന പെയിന്റിങ്ങുകളുമായി വേറിട്ടൊരു പ്രദർശനം. ഖത്തറിലെയും വിദേശങ്ങളിലേതുമായ 78 കലാകാരന്മാരാണ് വിവിധ വർണങ്ങളിൽ രാഷ്ട്രനായകന്റെ ആത്മവിശ്വാസവും ദൃഢതയും പ്രകടമാക്കുന്ന പെയിന്റിങ്ങുകളിലൂടെ ശ്രദ്ധേയ പ്രദർശനത്തിന് തുടക്കം കുറിച്ചത്.
‘എക്സ്പീരിയൻ ദ ആർട് ഓഫ് ലീഡർഷിപ് ആൻഡ് ലഗസി’ എന്ന പേരിൽ ആർട്ട് ഫാക്ടറിയിൽ നവംബർ 27ന് ആരംഭിച്ച പ്രദർശനം ശൈഖ് ജാബർ ആൽഥാനി ഉദ്ഘാടനം നിർവഹിച്ചു. ഖത്തർ ദേശീയ ദിനമായ ഡിസംബർ 18 വരെ നീളുന്ന പ്രദർശനത്തിൽ വിവിധ രാജ്യക്കാരായ 78 കലാകാരന്മാരുടെ നൂറോളം ചിത്രങ്ങളാണ് ആർട്ട് ഫാക്ടറിയുടെ ചുമർ നിറക്കുന്നത്. ഖത്തറിലെ പ്രവാസി മലയാളി കലാകാരന്മാരും പ്രദർശനത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്.ആർട്ട് ഫാക്ടറിയുടെ വിശാലമായ ഗാലറിയിൽ എക്സിബിഷനോടൊപ്പം പ്രഗല്ഭരായ ചിത്രകാരന്മാർ തത്സമയ ചിത്രരചന കലാസ്വാദകരെയും വിദ്യാർഥികളെയും ചിത്ര കലയിലെ തുടക്കക്കാരെയും ഏറെ ആകർഷിക്കുന്നു.
ഖത്തർ അമീറിന്റെ പോർട്രെയിറ്റ് പെയിന്റിങ് എക്സിബിഷൻ മൂന്ന് ഘട്ടങ്ങളായാണ് നടക്കുന്നത്. രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന ആർട്ടിസ്റ്റുകളുടെ പെയിന്റിങ്ങുകളുടെ പ്രദർശനം തുടരുന്നതാണ്. മൂന്നാം ഘട്ടത്തിൽ നടക്കുന്ന ലൈവ് പെയിന്റിങ്ങിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളും പോർട്രെയ്റ്റ് ആർട്ടിസ്റ്റ് ഓഫ് ദ ഇയർ അവാർഡും പാരിതോഷികവും നൽകുമെന്നും സംഘാടകർ പറഞ്ഞു.