478 സൗരോർജ്ജ ബസുകൾ പാർക്ക് ചെയ്യാൻ ശേഷിയുള്ള രാജ്യത്തെ ഏറ്റവും വലിയ ബസ് ഡിപ്പോ തുറന്ന് ഖത്തർ
ദോഹ : ലോകകപ്പ് കാണാനെത്തുന്ന ആരാധകരുടെ വരവിനായി രാജ്യം നിരവധി സംവിധാനങ്ങളാണ് പ്രത്യേകമായി ഏർപ്പെടുത്തിയിട്ടുള്ളത്.യാത്രക്കാർക്കെത്താനുള്ള വിമാനം മുതൽ താമസ സൗകര്യങ്ങൾക്കായി പൂർണ്ണ സജ്ജമാണ് നഗരം. ഇതിനോടനുബന്ധിച്ച് 478 ബസുകൾ പാർക്ക് ചെയ്യാൻ ശേഷിയുള്ള രാജ്യത്തെ ഏറ്റവും വലിയ ബസ് ഡിപ്പോ ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അൽ സുലൈത്തി ഉദ്ഘാടനം ചെയ്തു. ഗതാഗത മന്ത്രാലയത്തിന്റെ പബ്ലിക് ബസ് ഇൻഫ്രാസ്ട്രക്ചർ പ്രോഗ്രാമിന്റെ ഭാഗമായി സൗരോർജത്താൽ പ്രവർത്തിക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യ ബസ് ഡിപ്പോ കൂടിയാണിത്..
നൂതന യാത്രാ സംവിധാനമായ ബസ് റാപ്പിഡ് ട്രാൻസിറ്റ് ഇ-ബസുകൾക്കുള്ള പ്രത്യേക സോണും ഇവിടെയുണ്ട്. ലോകകപ്പിനിടെ ലുസൈൽ സ്റ്റേഡിയത്തിൽ നിന്ന് അൽ ഖോറിലെ അൽ ബെയ്ത്തിലേയ്ക്ക് കാണികൾക്ക് യാത്ര ചെയ്യാൻ ഇവ ഉപയോഗിക്കും. ഖത്തറിന്റെ ആധുനിക നഗരമായ ലുസൈൽ സിറ്റിയിലാണ് ബസ് ഡിപ്പോ. 4 ലക്ഷം ചതുരശ്രമീറ്ററിലാണ് ഡിപ്പോ നിർമിച്ചിരിക്കുന്നത്. ബസ് ബേകൾക്ക് പുറമെ 24 മൾട്ടിപർപ്പസ് കെട്ടിടങ്ങൾ, സർവീസ് കേന്ദ്രങ്ങൾ, വിനോദ സൗകര്യങ്ങൾ, പാർക്കുകൾ, സബ്‌സ്റ്റേഷനുകൾ എന്നിവയുണ്ട്. ബസ് ഡിപ്പോയിലെ കെട്ടിടങ്ങളിലേക്ക് 11,000 പിവി സോളർ പാനലുകളിൽ നിന്നായി ദിവസേന 4 മെഗാവാട്ട് വൈദ്യുതിയാണ് ഉൽപാദിപ്പിക്കുന്നത്.
3 സോണുകളായി തിരിച്ചാണ് ഡിപ്പോയുടെ പ്രവർത്തനം. ആദ്യത്തെ സോണിൽ 478 പാർക്കിങ് ബേകൾ. 248 ഇ-ചാർജിങ് ഉപകരണങ്ങൾ, അറ്റകുറ്റപ്പണിക്കും പരിശോധനയ്ക്കും ബസ് വൃത്തിയാക്കൽ എന്നിവയ്ക്ക് പ്രത്യേക കെട്ടിടങ്ങളുണ്ട്. രണ്ടാം സോണിൽ 1,400 ജീവനക്കാർക്കുള്ള താമസ സൗകര്യം, ഡൈനിങ് ഏരിയ, ഇൻഡോർ ഉല്ലാസത്തിന് സൗകര്യം, പള്ളി, ഭരണനിർവഹണ കെട്ടിടം, സർവീസ് കെട്ടിടങ്ങൾ, ഗാർഡ് ഹൗസുകൾ എന്നിവയുണ്ട്. മൂന്നാമത്തെ സോൺ ബിആർടി ഇ-ബസുകൾക്കാണ്.
24 ഇലക്ട്രിക് ചാർജറുകളോടു കൂടിയ 24 പാർക്കിങ് ബേകളാണ് ഇവിടുള്ളത് . ബസുകളുടെ അറ്റകുറ്റപ്പണി, വൃത്തിയാക്കൽ, പരിശോധന എന്നിവയ്ക്കുള്ള കെട്ടിടങ്ങളുമുണ്ട്.എല്ലാ ബസുകളുടെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള ഓപ്പറേഷൻ കൺട്രോൾ സെന്റർ അടുത്ത വർഷം പ്രവർത്തനസജ്ജമാകും.