എക്‌സ്പ്രസ് വേ മുതൽ കാൽനടപ്പാലങ്ങൾ വരെ സർവ്വം സജ്ജം

Update: 2022-11-17 11:37 GMT


ദോഹ∙: ലോകകപ്പുമായി ബന്ധപ്പെട്ട് ഖത്തർ നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങൾ എല്ലാം പൂർത്തിയായി. എക്സ്പ്രസ്സ് ഹൈവേ മുതൽ കാൽനടപ്പാലങ്ങൾ വരെ ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും പൂർത്തിയാക്കിയതായി പൊതുമരാമത്ത് അതോറിറ്റി അറിയിച്ചു. എക്‌സ്പ്രസ് വേ ശൃംഖല, പ്രധാന റോഡുകളുടെ നിർമാണം, സ്‌റ്റേഡിയങ്ങളിലേക്കുള്ള റോഡുകൾ, പാർക്കുകൾ, ബീച്ചുകൾ, പൊതു ഇടങ്ങൾ, കാൽനട-സൈക്കിൾ പാതകൾ, ഡ്രെയ്‌നേജുകൾ, മഴവെള്ള ഡ്രെയ്‌നേജ് ശൃംഖല എന്നിവയുടെ നിർമാണവും നവീകരണങ്ങളുമാണ് ലോകകപ്പിനായി പൂർത്തിയാക്കിയത്.

എക്‌സ്പ്രസ് വേ പദ്ധതികളിലായി മൊത്തം 1,791 കിലോമീറ്റർ റോഡും 207 പാലങ്ങൾ, 143 തുരങ്കപാതകൾ എന്നിവയും പൂർത്തിയാക്കി. കഴിഞ്ഞ വർഷങ്ങളിലായി ഗതാഗതത്തിന് തുറന്ന വൻകിട റോഡ് പദ്ധതികളിൽ അൽ മജ്ദ് റോഡ്, അൽഖോർ റോഡ്, ലുസെയ്ൽ റോഡ്, ജി-റിങ്, അൽ റയാൻ, സബാഹ് അൽ അഹമ്മദ് കോറിഡോർ, ഖലീഫ അവന്യൂ, ഇ-റിങ് റോഡ് എന്നിവയും ഉൾപ്പെടുന്നു. രാജ്യത്തിന്റെ പ്രധാന വിനോദ കേന്ദ്രങ്ങളിലേക്കും വേഗത്തിൽ എത്താൻ ഈ റോഡുകൾ ഗുണകരമാണ്.

റോഡുകളും പൊതു ഇടങ്ങളും സൗന്ദര്യവൽക്കരിക്കുന്ന സൂപ്പർവൈസറി കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ദോഹ സെൻട്രൽ, കോർണിഷ് മേഖലയുടെ വികസന, സൗന്ദര്യവൽക്കരണ ജോലികൾ പൂർത്തിയാക്കിയത്. കോർണിഷിനും എ-റിങ് റോഡിനും ഇടയിലുള്ള 7 പ്രധാന ഏരിയകളുടെ വികസനമാണ് ഈ പദ്ധതികളിലുള്ളത്. സെൻട്രൽ ദോഹയിൽ 28 കിലോമീറ്റർ റോഡ് ആണ് പൂർത്തിയാക്കിയത്. കോർണിഷ്, മിയ പാർക്ക്, മ്യൂസിയങ്ങൾ, ഷോപ്പിങ്, വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളാണ് ഈ മേഖലകളിലെ പ്രധാന കാഴ്ചകൾ. ഇവയ്ക്ക് പുറമെ നോർത്ത് വെസ്റ്റ് ബേയിലെയും എ-റിങ്, സി-റിങ് റോഡിലെയും വികസനങ്ങളും സാധ്യമാക്കി.

ഹൈവേകളിലും പ്രാദേശിക റോഡ് പദ്ധതികളിലുമായി 2,131 കിലോമീറ്റർ കാൽനട, സൈക്കിൾ പാതകളാണ് നിർമിച്ചത്. കൂടാതെ 16 പാലങ്ങളും 5 കാൽനട തുരങ്കപാതകളും പൂർത്തിയാക്കി. ഇവയെല്ലാം ലോകകപ്പ് വേദികളുമായി ബന്ധിപ്പിച്ചുള്ളതാണ്. റോഡുകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും പുറമേ ആരോഗ്യം, ഗതാഗതം, ടൂറിസം, കമ്യൂണിക്കേഷൻ എന്നീ മേഖലകളിലായി പൊതു സൗകര്യങ്ങളും പൂർത്തിയാക്കി കഴിഞ്ഞു. ലോകകപ്പ് ആരാധകർക്ക് താമസിക്കാനായി റാസ് അബു ഫോണ്ടാസ്, ലുസെയ്ൽ എന്നിവിടങ്ങളിലുള്ള പാർപ്പിട യൂണിറ്റുകളും സജ്ജമായി

Similar News