ലബനാനിലെ ആക്രമണങ്ങൾക്ക് അറുതിയായി ഇസ്രായേൽ പ്രഖ്യാപിച്ച വെടിനിർത്തൽ തീരുമാനത്തെ സ്വാഗതം ചെയ്ത് ഖത്തർ. 60 ദിവസത്തെ വെടിനിർത്തൽ ബുധനാഴ്ച പുലർച്ചയോടെയാണ് പ്രാബല്യത്തിൽ വന്നത്.
സമാനമായ കരാറിലൂടെ ഗാസ്സയിലും വെസ്റ്റ്ബാങ്കിലുമായി തുടരുന്ന ഇസ്രായേൽ ആക്രമണങ്ങൾ അവസാനിപ്പിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുന്നതായും ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. യുദ്ധത്തിലെ എല്ലാ കക്ഷികളും ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗൺസിൽ പ്രമേയം അംഗീകരിച്ച് സൈനിക നടപടികൾ അവസാനിപ്പിച്ച് സമാധാനത്തിലേക്കും മേഖലയുടെ സ്ഥിരതയിലേക്കും നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും ഖത്തർ വ്യക്തമാക്കി.
ലബനാന്റെ ഐക്യവും ഭദ്രതയും സുരക്ഷയും ഉറപ്പാക്കുന്നതിൽ രാജ്യത്തിനുള്ള ഖത്തറിന്റെ പിന്തുണയും വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു.