ഒമാൻ എണ്ണ വില വീണ്ടും ഉയർന്നു. വെള്ളിയാഴ്ച ഒരു ബാരലിന് 81.56 ഡോളറായിരുന്നു വില. അന്താരാഷ്ട്ര വിപണിയിലും എണ്ണ വില ഉയർന്നിട്ടുണ്ട്. അമേരിക്കൻ ഡോളർ ശക്തി പ്രാപിക്കുന്നതടക്കമുള്ള മറ്റു കാരണങ്ങളും എണ്ണ വില ഉയരാൻ കാരണമാവുന്നുണ്ട്. അതിനിടെ യുക്രെയ്ൻ റഷ്യയുടെ എണ്ണ റിഫൈനറി ആക്രമിച്ചതും എണ്ണ വില ഇയരുന്നതിനിടയാക്കുന്നുണ്ട്. ഈ ആഴ്ചയിൽ എണ്ണവിലിയിൽ 5.26 ശതമാനം വർധനയാണുണ്ടായത്. ഒരു മാസത്തിനുള്ളിലെ ഏറ്റവും ഉയർന്ന വിലയാണ് ഇപ്പോൾ എണ്ണക്കുള്ളത്.
ബുധനാഴ്ച 79.60 ഡോളറായിരുന്നു ഒരു ബാരൽ എണ്ണയുടെ വില. വ്യാഴാഴ്ച 75 സെന്റ് വർധിച്ച് 80.35 വിലയിലെത്തി. വെള്ളിയാഴ്ച വീണ്ടും 1.21 ഡോളർ ഉയർന്ന് വില ബാരലിന് 81.56 ഡോളറിൽ എത്തുകയായിരുന്നു. ഈ കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് എണ്ണ വില കുത്തനെ ഉയരാൻ തുടങ്ങിയത്. ബാരലിന് 77.70 ഡോളറായിരുന്നു തിങ്കളാഴ്ച എണ്ണവില. നാല് ദിവസം കൊണ്ട് നാലിലധികം ഡോളറാണ് വില വർധിച്ചത്. കഴിഞ്ഞ വർഷം സെപ്തംബറിൽ ഒമാൻ എണ്ണ വില 95.51 ഡോളർ വരെ എത്തിയിരുന്നു. സൗദി അറേബ്യ എണ്ണ ഉൽപാദനം വെട്ടിക്കുറച്ചതാണ് എണ്ണ വില ഉയരാൻ പ്രധാന കാരണം.
എന്നാൽ പിന്നീട് എണ്ണ വില കുറയുകയും 75 ഡോളറിൽ എത്തുകയും ചെയ്തിരുന്നു. അതിനുശേഷം എണ്ണ വിലയിൽ ഏറ്റവും കൂടുതൽ ഉയർച്ചയുണ്ടായത് ഈ ആഴ്ചയിലാണ്. ചെങ്കടലിലുണ്ടായ പുതിയ സാഹചര്യങ്ങൾ എണ്ണ വിതരണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. യമനിലെ ഹൂതികൾ ഇസ്രായേൽ കപ്പലുകൾ ആക്രമിക്കുന്നതും പുതിയ യുദ്ധഭീതി ഉയർത്തുന്നുണ്ട്. ഇസ്രായേലിലേക്ക് പോവുകയായിരുന്ന മാഇർസ്കിന്റെ എണ്ണക്കപ്പലുകൾ അമേരിക്കൻ യുദ്ധക്കപ്പലുകളുടെ പിന്തുണ ഉണ്ടായിട്ടും ഹൂതികൾ ആക്രമിച്ചത് വൻ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. ഇതോടെ എണ്ണക്കപ്പലുകൾ ചെങ്കടൽ വഴിയുടെ യാത്ര ഒഴിവാക്കുകയും ദൈർഘ്യമേറിയ മറ്റ് വഴിയിലൂടെ യാത്ര ചെയ്യുകയുമാണ്. ഇതു കാരണം കഴിഞ്ഞ ഒരാഴ്ചയായി സൂയസ് കനാൽ വഴിയുള്ള കപ്പൽ ഗാതാഗതം 50 ശതമാനം കുറഞ്ഞിട്ടുണ്ട്.