ഒമാനി പൗരന്മാർ ദിവസവും മൂന്നര മണിക്കൂർ ചിലവഴിക്കുന്നത് വാട്സ്ആപ്പിലെന്ന് കണക്കുകൾ
രാജ്യത്തെ 18 വയസ്സിന് താഴെയുള്ള കുട്ടികളിൽ 78 ശതമാനവും സോഷ്യൽ നെറ്റ്വർക്കിങ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതായി കണക്കുകൾ. ദേശീയ സ്ഥിതിവിവര കേന്ദ്രം അടുത്തിടെ നടത്തിയ ഏറ്റവും പുതിയ സർവേയിലാണ് ഇക്കാര്യം പറയുന്നത്. കുട്ടികൾക്കിടയിൽ ഏറ്റവും ജനപ്രിയം യു ട്യൂബാണ്. 82 ശതമാനം കുട്ടികളും യു ട്യൂബ് ഉപയോഗിക്കുന്നുണ്ടെന്നാണ് സർവേ പറയുന്നത്. 50 ശതമാനം കുട്ടികളും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 96 ശതമാനം പൗരന്മാരും സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളിലൊന്ന് ഉപയോഗിച്ചിട്ടുണ്ട്. അതിൽ 99 ശതമാനം പേരും വാട്ട്സ്ആപ്പ് ഉപയോഗിച്ചത്. യൂട്യൂബ് ഉപയോക്താക്കൾ (75 ശതമാനം), ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ (69 ശതമാനം), ഫേസ്ബുക്ക് ഉപയോക്താക്കൾ (20) ശതമാനം) എന്നിങ്ങനെയാണ് മറ്റ് സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കുന്നതിന്റെ കണക്ക്. സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നത് തങ്ങളുടെ ജീവിതത്തിൽ നല്ല സ്വാധീനമാണ് ചെലുത്തിയെന്ന് 53 ശതമാനം വ്യക്തികളും വിശ്വസിക്കുന്നു. എന്നാൽ 10.1 ശതമാനം പേർ മാത്രമാണ് ഇത് പ്രതികൂലമായി ബാധിക്കുന്നതായി കരുതുന്നത്. 18–29 വയസ്സുവരെയുള്ള വിഭാഗങ്ങളിലെ ഇൻറർനെറ്റ് ഉപയോഗം 2015ലെ 48 ശതമാനത്തിൽനിന്ന് കഴിഞ്ഞ വർഷം 96 ശതമാനമായി ഉയർന്നു. പൗരന്മാർ ദിവസവും മൂന്നര മണിക്കൂർ വാട്ട്സ്ആപിലും രണ്ടര മണിക്കൂർ എക്സിലും മൂന്ന് മണിക്കൂർ ഇൻസ്റ്റാഗ്രാമിലും രണ്ടര മണിക്കൂർ യുട്യൂബിലും ചെലവഴിക്കുന്നുണ്ടെന്ന് സർവേ വ്യക്തമാക്കുന്നു.