ന്യൂനമർദത്തിൻറെ ഭാഗമായി ഒമാനിലെ മുസന്ദം ഗവർണറേറ്റിലും അൽ ഹജർ പർവതനിരകളിലും അതിനോടുചേർന്നുള്ള പ്രദേശങ്ങളിലും തിങ്കളാഴ്ച വൈകീട്ട്മുതൽ വ്യാഴാഴ്ചവരെ മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഇത് ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലേക്കും വ്യാപിച്ചേക്കും. മഴക്കൊപ്പം താപനിലയിലും കുറവുണ്ടാകുമെന്നും ഡയറക്ടറേറ്റ് പറഞ്ഞു.
മിക്ക ഗവർണറേറ്റുകളിലും ഞായറാഴ്ച ഭാഗിക മേഘാവൃതമായിരുന്നു. തെക്കൻ ശർഖിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിലും ഒമാൻ കടലിന്റെ തീരങ്ങളിലും താഴ്ന്ന മേഘങ്ങളോ മൂടൽമഞ്ഞോ രൂപപ്പെടാൻ സാധ്യതയുണ്ട്. മരുഭൂമിയിലും തുറന്ന പ്രദേശങ്ങളിലും പൊടിപടലങ്ങൾ ഉയരുമെന്നും അധികൃതർ അറിയിച്ചു.