വഴിയിലുടനീളം ഉടമയില്ലാ കാറുകൾ ; നടപടിയെടുത്ത്‌ മസ്കത്ത് നഗരസഭ

Update: 2022-09-17 11:30 GMT


നഗരവഴികളിൽ മാസങ്ങളോളം ഉപേക്ഷിക്കപ്പെട്ട നിലയിൽ കാറുകൾ പെരുകുന്നത് മുസ്കത്ത് നഗരസഭയ്ക്ക് തലവേദനയായി മാറിയിരിക്കുകയാണ്. ഈ വർഷം ഓഗസ്റ്റ് വരെയുള്ള കാലയളവിവിൽ 1163 കാറുകളാണ് മസ്കത്ത് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കണ്ടെത്തിയത് . നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി കാറുകൾ ഉപേക്ഷിക്കുന്ന പ്രവണത കൂടുന്നതിനാൽ, ഉപേക്ഷിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയുമായി മുൻസിപ്പാലിറ്റി രംഗത്ത് വന്നിരിക്കുകയാണ്. മത്രയിൽ നിന്ന് മാത്രമായ് 550 വാഹനങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. അതേസമയം അമിറാത്തിൽ നിന്നും 236ഉം, സീബിൽ നിന്നും 211 കാറുകളുമാണ് കണ്ടെത്തിയത്. ഏറ്റവും കൂടുതൽ കാറുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് ഈ പ്രദേശങ്ങളിൽ നിന്നായിരുന്നു.

ബൗഷറിൽ നിന്ന് 50, ഖുറയാത്തിൽ നിന്ന് 98, വിവിധ പൊതുസ്ഥലങ്ങളിൽ 18 എന്നിങ്ങനെ കണ്ടെത്തിയ കാറുകൾ നീക്കം ചെയ്തു. അതേസമയം വിവിധ സ്ഥലങ്ങളിൽ നിന്നും എടുത്തുകൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി വാഹനത്തിൽ 14 ദിവസത്തേക്ക് മുന്നറിയിപ്പ് സ്റ്റിക്കർ പതിക്കും. ഇക്കാലയളവിൽ ഉടമ വാഹനം എടുത്തുകൊണ്ടുപോകണം. ഇല്ലെങ്കിൽ 90 ദിവസത്തേക്ക് കണ്ടുകെട്ടുകയും പിന്നീട് പൊതുലേലത്തിൽ വെക്കുകയും ചെയ്യും. ഉപേക്ഷിക്കപ്പെടുന്ന കാറുകൾ, ബസുകൾ തുടങ്ങിയവ പിടിച്ചെടുക്കുമ്പോൾ ഉടമകളുടെ പേരിൽ 200 റിയാൽ പിഴയും ചുമത്തുകയും ചെയ്യും.

Similar News