മിത്ത് വിവാദത്തിൽ ഇനി ചർച്ച വേണ്ട; നിർദേശവുമായി സിപിഐഎം കേന്ദ്ര നേതൃത്വം
സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ മിത്ത് പരാമർശത്തിൽ ഇനി കൂടുതൽ ചർച്ചകൾ വേണ്ടെന്ന് സിപിഐഎം കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം. ഡല്‍ഹിയില്‍ നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗമാണ് ഈ നിലപാടിലേക്ക് എത്തിയത്. ബി.ജെ.പി. രാഷ്ട്രീയ- വര്‍ഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുകയാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ആരോപണങ്ങളാണ് 'മിത്ത് വിവാദ'വുമായി ബന്ധപ്പെട്ട് ഉണ്ടായതെന്നുമാണ് യോഗത്തിലെ വിലയിരുത്തല്‍.വിഷയത്തിൽ കൂടുതൽ ചര്‍ച്ചയുമായി മുന്നോട്ടുപോയാല്‍ അത് രാഷ്ട്രീയമായും സാമൂഹികവുമായി ഭിന്നിപ്പുണ്ടാക്കാനുള്ള സാധ്യതയുണ്ട്. വിവാദത്തെ മുതലെടുത്ത് ആദ്യനാളുകള്‍ മുതല്‍ തന്നെ വര്‍ഗീയ ധ്രുവീകരണത്തിനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. ആര്‍.എസ്.എസ്. പ്രചാരണത്തില്‍ വീണുപോയ കോണ്‍ഗ്രസിനെതിരേയും സംഭവത്തില്‍ വിമര്‍ശനമുയര്‍ന്നു.
അതേസമയം, ഷംസീറിന്റെ പ്രസംഗത്തില്‍ യാതൊരു തെറ്റുമില്ലെന്നാണ് കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തല്‍. വിശ്വാസികള്‍ക്കെതിരേയോ വിശ്വാസം ഹനിക്കുന്ന തരത്തിലോ ഷംസീര്‍ യാതൊന്നും പറഞ്ഞിട്ടില്ല കേന്ദ്രകമ്മിറ്റി വിലയിരുത്തുന്നു. മൂന്നുദിവസത്തെ കേന്ദ്രകമ്മിറ്റിയോഗം ഇന്നലെ ഡല്‍ഹിയില്‍ ആരംഭിച്ചത്. പൊതുരാഷ്ട്രീയ വിഷയങ്ങള്‍ക്ക് പുറമേ സംഘടനാ പ്രശ്‌നങ്ങളും യോഗത്തില്‍ ചര്‍ച്ചയാവുന്നുണ്ട്.