'എന്‍റെ ഭാര്യയ്ക്ക് ഞായറാഴ്ചകളിൽ എന്നെ നോക്കിയിരിക്കാൻ ഇഷ്ടമാണ്': എസ് എൻ സുബ്രഹ്മണ്യത്തിന്‍റെ നിർദേശത്തെ കളിയാക്കി പൂനെവാല
ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യണമെന്ന എൽ ആന്‍റ് ടി ചെയർമാൻ എസ് എൻ സുബ്രഹ്മണ്യത്തിന്‍റെ നിർദേശത്തിന് രൂക്ഷമായാണ് പ്രമുഖ വ്യവസായികൾ ഉൾപ്പെടെയുള്ളവർ പ്രതികരിക്കുന്നത്. ഏറ്റവും ഒടുവിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദർ പൂനെവാല പ്രതികരണവുമായി രംഗത്തെത്തി. തന്‍റെ ഭാര്യ വിസ്മയമാണെന്നും അവളെ എത്രനേരം വേണമെങ്കിലും നോക്കിനിൽക്കുന്നത് ഇഷ്ടമാണെന്നുമുള്ള മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയുടെ പ്രതികരണത്തിന് മറുപടി നൽകിയിരിക്കുകയാണ് പൂനെവാല.
"അതെ ആനന്ദ് മഹീന്ദ്ര ഞാൻ വണ്ടർഫുൾ ആണെന്നാണ് എന്‍റെ ഭാര്യ കരുതുന്നത്. ഞായറാഴ്ചകളിൽ എന്നെത്തന്നെ നോക്കിയിരിക്കാൻ അവൾ ഇഷ്ടപ്പെടുന്നു"- എന്നാണ് പൂനെവാല കുറിച്ചത്. ജോലിയുടെ ഗുണനിലവാരമാണ് എത്ര നേരം ജോലി ചെയ്യുന്നു എന്നതിനേക്കാൾ പ്രധാനമെന്നും പൂനെവാല അഭിപ്രായപ്പെട്ടു.
ജീവനക്കാരോട് സംസാരിക്കുന്നതിനിടെ എൽ ആന്‍റ് ടി ചെയർമാൻ എസ് എൻ സുബ്രഹ്മണ്യം നടത്തിയ ചില പരാമർശങ്ങളാണ് വലിയ വിമർശനത്തിന് ഇടയാക്കിയിരിക്കുന്നത്- 'ഞായറാഴ്ചകളിൽ നിങ്ങളെ ജോലി ചെയ്യിക്കാൻ സാധിക്കാത്തതിൽ ഞാൻ ഖേദിക്കുന്നു. അതിന് സാധിച്ചാൽ ഞാൻ കൂടുതൽ സന്തോഷവാനായിരിക്കും. കാരണം ഞാൻ ഞായറാഴ്ചകളിൽ ജോലി ചെയ്യുന്നുണ്ട്. വീട്ടിലിരുന്ന് നിങ്ങൾ എന്താണ് ചെയ്യുന്നത്? എത്രനേരം നിങ്ങൾ നിങ്ങളുടെ ഭാര്യയെ നോക്കിയിരിക്കും? എത്രനേരം നിങ്ങൾ നിങ്ങളുടെ ഭർത്താവിനെ നോക്കിയിരിക്കും? ഓഫിസിൽ വന്ന് ജോലിയെടുക്കൂ''-എന്നാണ് സുബ്രഹ്മണ്യൻ ജീവനക്കാരോട് പറഞ്ഞത്.
നിങ്ങൾക്ക് ലോകത്തിന്‍റെ നെറുകയിൽ എത്തണമെങ്കിൽ, ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യണമെന്നും സുബ്രഹ്മണ്യൻ ജീവനക്കാരോട് പറഞ്ഞു. താൻ പറഞ്ഞത് സാധൂകരിക്കാനായി ഒരു ചൈനക്കാരനുമായി നടത്തിയ സംഭാഷണത്തെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യുന്ന ചൈനക്കാർ ആഴ്ചയിൽ 50 മണിക്കൂർ മാത്രം ജോലി ചെയ്യുന്ന അമേരിക്കക്കാരെ മറികടക്കുമെന്നാണ് ആ വ്യക്തി പറഞ്ഞതെന്ന് സുബ്രഹ്മണ്യൻ പറഞ്ഞു. പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം ഉയർന്നത്.