ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു, എന്നാൽ രേഖാപൂർവം എഴുതി നൽകാൻ വിസമ്മതിച്ചു; സമരം തുടരാൻ കൊൽക്കത്തയിലെ ഡോക്ടർമാർ

Update: 2024-09-19 05:51 GMT

കൊൽക്കത്തയിലെ ആർ.ജി.കർ ആശുപത്രിയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ ജൂനിയർ ഡോക്ടർമാർ നടത്തിവരുന്ന സമരം തുടരും. ജൂനിയർ ഡോക്ടർമാരുമായി അധികൃതർ നടത്തിയ രണ്ടാമത്തെ ചർച്ചയും പരാജയപ്പെട്ട സാഹചര്യത്തിലാണു സമരം തുടരാൻ തീരുമാനിച്ചത്. ഭൂരിഭാഗം ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചുവെങ്കിലും എഴുതി നിൽകാത്തതിനാൽ ജോലി ബഹിഷ്കരിച്ചു സമരം തുടരുമെന്നു ഡോക്ടർമാർ അറിയിച്ചു. ഇന്നലെ വൈകിട്ട് ഏഴോടെയാണ് 30 അംഗ ഡോക്ടർ സംഘം ചീഫ് സെക്രട്ടറി മനോജ് പന്തുമായുള്ള ചർച്ചയ്ക്കായി സെക്രട്ടേറിയറ്റിൽ എത്തിയത്. ആരോഗ്യ സെക്രട്ടറി എൻ.എസ്. നിഗത്തെ നീക്കണമെന്ന ആവശ്യത്തോട് സർക്കാർ അനുകൂലമായി പ്രതികരിച്ചില്ലെന്നാണു റിപ്പോർട്ട്.

ചർച്ചയ്ക്കു ശേഷം പുറത്തിറങ്ങിയ ജൂനിയർ ഡോക്ടർമാർ സമരം തുടരുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ചർച്ചയിൽ സമ്മതിച്ചതു പ്രകാരം വനിത ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുന്ന നടപടികൾ സർക്കാർ രേഖയായി പുറത്തിറക്കിയെങ്കിൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്നാണ് ഡോക്ടർമാർ അറിയിച്ചത്. ചർച്ച ഭംഗിയായി അവസാനിച്ചെങ്കിലും അതിൽ അറിയിച്ച കാര്യങ്ങൾ രേഖാപൂർവം എഴുതി നൽകാൻ സർക്കാർ വിസമ്മതിച്ചു. സർക്കാരിന്റെ മനോഭാവത്തിൽ തങ്ങൾ ഏറെ നിരാശരാണെന്നും ഡോക്ടർമാർ അറിയിച്ചു.

Tags:    

Similar News