ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് അവശേഷിക്കുന്നത് മാസങ്ങൾ മാത്രം ; ബിജെപിയിൽ നിന്നും ആംആദ്മിയിൽ നിന്നും കോൺഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്

Update: 2024-08-30 06:59 GMT

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ബി.ജെ.പിയില്‍ നിന്നും ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും ഒരു ഡസനിലധികം നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.കോൺഗ്രസിന്‍റെ ഡൽഹി ഘടകത്തിൻ്റെ ആസ്ഥാനമായ രാജീവ് ഭവനിൽ നടന്ന ചടങ്ങിൽ ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവ് പാര്‍ട്ടിയില്‍ പുതിയതായി ചേര്‍ന്ന നേതാക്കളെ സ്വാഗതം ചെയ്തു.

പാർട്ടിയുടെ പുരോഗമന നയങ്ങളിലും മല്ലികാർജുൻ ഖാർഗെയുടെയും രാഹുൽ ഗാന്ധിയുടെയും ശക്തമായ നേതൃത്വത്തിലും പ്രചോദിതരായി ബി.ജെ.പിയിലെയും എ.എ.പിയിലെയും നേതാക്കളും അവരുടെ അനുയായികളും കോൺഗ്രസിലേക്ക് ചേക്കേറുകയാണെന്ന് യാദവ് പറഞ്ഞു. ചടങ്ങിനിടെ, തിമർപൂരിൽ നിന്നുള്ള മുൻ കൗൺസിലറും എംഎൽഎയുമായ അമർലത സാംഗ്വാനെ യാദവ് പ്രത്യേകം സ്വാഗതം ചെയ്തു. ''സാംഗ്വാൻ പാർട്ടിയുടെ സ്ഥാനം ശക്തിപ്പെടുത്തും. ബി.ജെ.പിയുടെ വർഗീയ രാഷ്ട്രീയത്തെയും ജനങ്ങളുടെ ക്ഷേമത്തിന് പ്രാധാന്യം നല്‍കാത്തതിനെയും സാംഗ്വാന്‍ വിമര്‍ശിച്ചു'' യാദവ് കൂട്ടിച്ചേര്‍ത്തു.

മുൻ എം.എൽ.എ അനിൽ ഭരദ്വാജ്, കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെൻ്റ് ചെയർമാൻ കുൻവർ കരൺ സിംഗ്, മുതിർന്ന ഡൽഹി കോൺഗ്രസ് നേതാക്കളടക്കം നിരവധി മുതിർന്ന കോൺഗ്രസ് അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എഎപി സർക്കാരിനെ ലക്ഷ്യമിട്ട് വോട്ടർമാരുടെ അടിത്തറ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ഡൽഹിയിലെ കോണ്‍ഗ്രസിന്‍റെ 15 വർഷത്തെ ഭരണനേട്ടങ്ങള്‍ ഉയർത്തിക്കാട്ടുന്ന പ്രചാരണം ഉടൻ ആരംഭിക്കാൻ പാർട്ടി പദ്ധതിയിടുന്നുണ്ട്.

അതിനിടെ കഴിഞ്ഞ ദിവസം അഞ്ച് കൗണ്‍സിലര്‍മാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത് ആം ആദ്മിക്ക് തിരിച്ചടിയായിരുന്നു. രാംവീർ സിംഗ് ബിധുരി, അരവിന്ദർ സിംഗ് ലൗലി, യോഗേന്ദ്ര ചന്ദോലിയ തുടങ്ങിയ ഉന്നത നേതാക്കളുടെ സാന്നിധ്യത്തിൽ രാജ്യതലസ്ഥാനത്ത് നടന്ന പരിപാടിയിൽ ഈ കൗൺസിലർമാർ വിട്ടുനിന്നിരുന്നു. കൗൺസിലർമാരെ കൂടാതെ അവരുടെ അനുയായികളും നിരവധി എഎപി പ്രവർത്തകരും ബി.ജെ.പിയില്‍ ചേര്‍ന്നു. ''അരവിന്ദ് കെജ്‌രിവാളിൻ്റെ നേതൃത്വത്തിലുള്ള പാർട്ടിയുടെ പ്രകടനത്തിൽ തൃപ്തരല്ലാത്തതിനാലാണ് ഈ നേതാക്കൾ ഇന്ന് ഞങ്ങളോടൊപ്പം ചേർന്നത്.പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി നടത്തിയ വികസന പ്രവർത്തനങ്ങളാണ് അവർക്ക് പ്രചോദനമായത്. ഡൽഹിയുടെ വികസനത്തിലും ആം ആദ്മി പാർട്ടി തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ അവർ മടുത്തു'' ഡല്‍ഹി ബി.ജെ.പി പ്രസിഡന്‍റ് വീരേന്ദർ സച്ദേവ പറഞ്ഞു.

2020 ലെ തെരഞ്ഞെടുപ്പിൽ 70 നിയമസഭാ സീറ്റുകളിൽ 62 എണ്ണത്തിൽ എഎപി വിജയിച്ചപ്പോൾ ബി.ജെ.പി നേടിയത് വെറും എട്ട് സീറ്റ് മാത്രമാണ്. ഒരു കാലത്ത് ഇന്ദ്രപ്രസ്ഥം അടക്കിവാണിരുന്ന കോണ്‍ഗ്രസ് വട്ടപ്പൂജ്യമാവുകയും ചെയ്തു. അടുത്ത വര്‍ഷമാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്.

Tags:    

Similar News