ഇന്റലിന്റെ മുൻ ഇന്ത്യൻ മേധാവി അവതാർ സൈനി വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

Update: 2024-02-29 10:49 GMT

ഇന്റല്‍ പെന്റിയം പ്രോസസറിന്റെ രൂപകല്‍പ്പനയിലും വികസനത്തിലും നേതൃപരമായ പങ്ക് വഹിച്ച ഇന്ത്യക്കാരന്‍ അവതാര്‍ സൈനി (68) മുംബൈയില്‍ വാഹനാപകടത്തില്‍ മരിച്ചു. അതിവേഗത്തില്‍ വന്ന കാര്‍ അവതാര്‍ സൈനി ഓടിച്ചിരുന്ന സൈക്കിള്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറില്‍ സൈക്കിള്‍ കുടുങ്ങി കുറച്ചുദൂരം സൈനിയെ വലിച്ചിഴച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ സൈനിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

നവി മുംബൈ നെരൂളിലെ പാം ബീച്ച് റോഡില്‍ രാവിലെ 5.50ന് ആണ് സംഭവം. മറ്റു സൈക്കിള്‍ യാത്രക്കാരോടൊപ്പം റൈഡ് ചെയ്യുമ്പോഴാണ് അപകടം സംഭവിച്ചത്. അതിവേഗത്തില്‍ വന്ന കാര്‍ സൈക്കിളിന്റെ പിന്നിലാണ് ഇടിച്ചത്. ഇതിന് പിന്നാലെ കാര്‍ ഡ്രൈവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ്, കാറിന്റെ അടിയില്‍ സൈക്കിള്‍ കുടുങ്ങിയത്. സൈക്കിള്‍ ഓടിച്ചിരുന്ന സൈനിയെ കാര്‍ അല്‍പ്പദൂരം വലിച്ചിഴച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു.സൈനി ഹെല്‍മറ്റ് ധരിച്ചിരുന്നുവെങ്കിലും അപകടത്തെ തുടര്‍ന്ന് ഉണ്ടായ ഗുരുതരമായ പരിക്കുകളാണ് മരണകാരണം. മറ്റു സൈക്കിള്‍ യാത്രക്കാര്‍ കാര്‍ ഡ്രൈവറെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. അമിത വേഗത്തില്‍ വണ്ടി ഓടിച്ച് അപകടമരണത്തിന് കാരണക്കാരനായ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ചെമ്പൂര്‍ നിവാസിയായ സൈനി മൂന്ന് വര്‍ഷം മുന്‍പ് ഭാര്യ മരിച്ചതിനെ തുടര്‍ന്ന് ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. ഇന്റല്‍ ഇന്ത്യ പ്രസിഡന്റ് ഗോകുല്‍ വി സുബ്രഹ്മണ്യം മരണത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തി.ഇന്ത്യയില്‍ ഇന്റലിന്റെ ഗവേഷണ വികസന സെന്റര്‍ സ്ഥാപിക്കുന്നതിന് ചുക്കാന്‍ പിടിച്ചത് അവതാര്‍ ആണ്. ടെക്‌നോളജി രംഗത്ത് നിരവധി കണ്ടുപിടിത്തങ്ങള്‍ നടത്തിയ അവതാര്‍ സൈനിയുടെ പേരില്‍ മൈക്രോപ്രോസസര്‍ ഡിസൈനുമായി ബന്ധപ്പെട്ട് ഒന്നിലധികം പേറ്റന്റുകള്‍ ഉണ്ട്. മുന്‍ ഇന്റല്‍ ഇന്ത്യ തലവനായിരുന്ന അവതാര്‍ 1982 മുതല്‍ 2004 വരെ കമ്പനിയുടെ വൈസ് പ്രസിഡന്റ് ആയിരുന്നു. ഇക്കാലയളവിലാണ് ഇന്റല്‍ 386, ഇന്റല്‍ 486, പെന്റിയം പ്രോസസര്‍ തുടങ്ങി നിരവധി പ്രോസസറുകള്‍ രൂപകല്‍പ്പന ചെയ്യുന്നതില്‍ സൈനി നിര്‍ണായക പങ്കുവഹിച്ചത്.

Similar News