റെയിൽവേയെ സ്വകാര്യവത്കരിക്കില്ല, ആറ് വർഷത്തിനുള്ളിൽ 3000 പുതിയ സർവീസുകൾ ആരംഭിക്കാൻ പദ്ധതിയെന്ന് അശ്വനി വൈഷ്ണവ്

Update: 2024-10-05 05:49 GMT

റെയില്‍വേയെ സ്വകാര്യവത്കരിക്കില്ലെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. എല്ലാവര്‍ക്കും മിതമായ നിരക്കില്‍ ഗതാഗതസൗകര്യം ഉണ്ടാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. നാന്നൂറ് രൂപക്ക് ആയിരം കിലോമീറ്റര്‍ വരെ സുഖമായി യാത്ര ചെയ്യാന്‍ റെയില്‍വേ സൗകര്യമൊരുക്കുന്നതായും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ സൗകര്യാര്‍ഥം റെയില്‍വേ 12,500 ജനറല്‍ റെയില്‍വേ കോച്ചുകള്‍ നിര്‍മ്മിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ റെയില്‍വേയില്‍ സമ്പൂര്‍ണമായ മാറ്റം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ട്രെയിനുകള്‍ നേര്‍ക്ക് നേര്‍ കുട്ടിയിടിക്കുന്നത് ഒഴിവാക്കുന്നതിനായി ഇന്ത്യ സ്വന്തമായി വികസിപ്പിച്ച കവച് സംവിധാനം ആരംഭിച്ചതായും മന്ത്രി പറഞ്ഞു. 'റെയില്‍വേ സ്വകാര്യവല്‍ക്കരിക്കുന്ന പ്രശ്‌നമില്ല. ഇത്തരം കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവരോട് പറയാനുള്ളത് റെയില്‍വേയും പ്രതിരോധവും ഇന്ത്യയുടെ രണ്ട് നട്ടെല്ലുകളാണ്'- വൈഷ്ണവ് പറഞ്ഞു.

റെയില്‍വേയുടെ രാഷ്ട്രീയവത്കരണത്തിന്റെ യുഗം പ്രധാനമന്ത്രി നരേന്ദ്രമോദി അവസാനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെ സുരക്ഷ, എല്ലാവര്‍ക്കും താങ്ങാനാവുന്ന സേവനം ഒരുക്കുക, സാങ്കേതിക വിദ്യ, മികച്ച പ്രകടനം എന്നിവയരൊക്കുന്നതിലാണ് റെയില്‍വേയുടെ ശ്രദ്ധ. ഇവയുടെ ഭാഗമായി ബജറ്റില്‍ 2.5 കോടി ലക്ഷം വകയിരുത്തി. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 31,000 കിലോമീറ്റര്‍ പുതിയ ട്രാക്കുകള്‍ സ്ഥാപിച്ചതായും മന്ത്രി പറഞ്ഞു. എന്‍ഡിഎ സര്‍ക്കാരിന്റെ 10 വര്‍ഷത്തിനിടെ 40,000 കിലോമീറ്റര്‍ റെയില്‍പാത വൈദ്യുതീകരിച്ചതായും ഇത് കഴിഞ്ഞ 60 വര്‍ഷമായി ചെയ്തതിന്റെ ഇരട്ടിയാണെന്നും അദ്ദേഹം പറഞ്ഞു ''അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ 3,000 ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നതായും അദ്ദേഹം പറഞ്ഞു.

Similar News