മകളുടെ വിവാഹത്തെ ചൊല്ലി വിവാദം; ഗവര്‍ണര്‍ തന്‍റെ സ്വകാര്യ ഫണ്ടാണ് ചടങ്ങിന് ചെലവഴിച്ചതെന്ന് രാജ്ഭവൻ

Update: 2023-08-25 06:02 GMT

തമിഴ്‌നാട് ഗവർണർ ആർ.എൻ രവിയുടെ മകളുടെ വിവാഹത്തെച്ചൊല്ലി വിവാദം. 18 മാസം മുന്‍പ് ഊട്ടി രാജ്‍ഭവനില്‍ വച്ചു നടന്ന വിവാഹത്തില്‍ ആഘോഷങ്ങൾക്കായി പണം ചെലവഴിച്ചതിനെ ചൊല്ലിയാണ് തര്‍ക്കം. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ രാജ്ഭവനിൽ നടന്ന രവിയുടെ കുടുംബ ചടങ്ങുകൾക്ക് സർക്കാർ പണം ഉപയോഗിച്ചുവെന്ന് ഡി.എം.കെ എം.പി ദയാനിധി മാരൻ ബുധനാഴ്ച ആരോപിച്ചിരുന്നു.

എന്നാല്‍ ഗവര്‍ണര്‍ തന്‍റെ സ്വകാര്യ ഫണ്ടാണ് ചടങ്ങിന് ചെലവഴിച്ചതെന്ന് ചെന്നൈയിലെ രാജ്ഭവന്‍ വ്യാഴാഴ്ച അറിയിച്ചു. "ഗവർണറുടെ എല്ലാ അതിഥികളെയും സ്വകാര്യ ഹോട്ടലുകളിൽ പാർപ്പിച്ചു. ആരെയും രാജ്ഭവനിൽ പാർപ്പിച്ചിട്ടില്ല. അതിഥികൾക്ക് മാത്രമല്ല, ഗവർണറുടെ കുടുംബാംഗങ്ങൾക്കും പോലും സ്വകാര്യ വാഹനങ്ങൾ വാടകയ്‌ക്കെടുത്തു. ഒരു സർക്കാർ വാഹനവും ഉപയോഗിച്ചിട്ടില്ല," രാജ്ഭവൻ വ്യക്തമാക്കി. പ്രൈവറ്റ് കാറ്ററിംഗുകാര്‍ക്കായിരുന്നു ഭക്ഷണത്തിന്‍റെ ചുമതല. ഒരു ചായക്കോ കാപ്പിക്കോ പോലും രാജ്‍ഭവനിലെ അടുക്കള ഉപയോഗിച്ചിട്ടില്ല. പുഷ്പാലങ്കാരത്തിനുള്ള പൂക്കൾ പോലും മാർക്കറ്റിൽ നിന്ന് സ്വന്തമായിട്ടാണ് വാങ്ങിയത്.

"ചടങ്ങിനു വേണ്ടിയുള്ള മുഴുവന്‍ തൊഴിലാളികളയെും സ്വകാര്യമായിട്ടാണ് നിയോഗിച്ചത്. രാജ്ഭവൻ ജീവനക്കാരെ ഉപയോഗിച്ചിട്ടില്ല. അതിഥികൾക്കുള്ള ബോർഡിംഗും താമസവും വാഹനങ്ങളുടെ വാടക, ചായയും കാപ്പിയും ഉൾപ്പെടെയുള്ള ഭക്ഷണവിതരണം, വിളക്കുകൾ, പുഷ്പങ്ങൾ, പുഷ്പ അലങ്കാരങ്ങൾ തുടങ്ങി പരിപാടിയുടെ മുഴുവൻ ചെലവും ഗവർണർ വഹിച്ചു'' രാജ്ഭവന്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

കൂടാതെ, ഗവർണർക്കും കുടുംബാംഗങ്ങൾക്കും രാജ്ഭവനിൽ (സർക്കാർ ചെലവിൽ) ഭക്ഷണം കഴിക്കാൻ അർഹതയുണ്ടെങ്കിലും എല്ലാ മാസവും ഭക്ഷണ ബില്ലുകൾ ഈടാക്കുകയും ഗവർണർ വഹിക്കുകയും ചെയ്യുന്നു. ഗവര്‍ണര്‍ക്കെതിരായ എം.പിയുടെ ആരോപണം നിരുത്തരവാദപരവും നികൃഷ്ടവുമായ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്നും രാജ്‍ഭവന്‍ അറിയിച്ചു.

Similar News