5 വർഷത്തിനിടെ സമീർ വാങ്കഡെ നടത്തിയത് 6 വിദേശയാത്ര: ആര്യൻ ഖാന്റെ പേര് ചേർത്തത് അവസാനം, റിപ്പോർട്ട്
ആര്യൻ ഖാനെ ലഹരിമരുന്ന് കേസിൽ കുടുക്കിയ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെ കുടുംബവുമൊത്ത് പലവട്ടം വിദേശ യാത്ര നടത്തിയെന്ന് റിപ്പോർട്ട്. വരുമാനത്തിൽ കവിഞ്ഞ സ്വത്തുക്കൾ ഇയാൾ സമ്പാദിച്ചിട്ടുണ്ടെന്ന് എൻസിബിയുടെ റിപ്പോർട്ടിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ പറയുന്നു. മകനെ ലഹരിക്കേസിൽനിന്നു രക്ഷപ്പെടുത്താൻ ഷാറൂഖ് ഖാനിൽനിന്ന് 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിൽ സിബിഐ അന്വേഷണം നേരിടുകയാണ് വാങ്കഡെ.
ആര്യൻ ഖാൻ, സുഹൃത്ത് അർബാസ് മർച്ചന്റ് എന്നിവരുടെ പേര് എഫ്‌ഐആറിൽ അവസാന നിമിഷമാണു കൂട്ടിച്ചേർത്തത്. മറ്റു ചിലരുടെ പേര് ഒഴിവാക്കുകയും ചെയ്തുവെന്ന് എൻസിബിയുടെ വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. എൻസിബി ഓഫിസിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചു. എൻസിബി മുംബൈ ടീം സമർപ്പിച്ച ഡിവിആർ, ആര്യൻ ഖാനെ എൻസിബി ഓഫിസിൽ കൊണ്ടുവന്ന രാത്രിയിലെ ഹാർഡ് കോപ്പി എന്നിവയിൽ വ്യത്യാസമുണ്ട്.
2017 - 2021 അഞ്ച് വർഷം കൊണ്ട് സമീർ വാങ്കഡെ കുടുംബവുമൊത്ത് ആറു വിദേശയാത്രകൾ നടത്തി. യുകെ, അയർലൻഡ്, പോർച്ചുഗൽ, ദക്ഷിണാഫ്രിക്ക, മാലദ്വീപ് എന്നിവിടങ്ങളിലായി ആകെ 55 ദിവസമാണ് വാങ്കഡെ ചെലവഴിച്ചത്. എന്നാൽ ആകെ 8.75 ലക്ഷം മാത്രമേ ചെലവു വന്നുള്ളൂ എന്നാണ് വാങ്കഡെയുടെ വാദം. എന്നാൽ വിമാനയാത്രയ്ക്കുതന്നെ ഇത്രയും ചെലവു വരുമെന്നു കണക്കാക്കപ്പെടുന്നു. സമീർ വാങ്കഡെ ദുബായ് സന്ദർശിച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ സമീർ ഇതു നിഷേധിച്ചു.
മാത്രമല്ല, വില കൂടിയ നിരവധി വാച്ചുകൾ ഉൾപ്പെടെ സമീർ വാങ്കഡെയ്ക്ക് വരുമാനത്തിന് അനുസൃതമല്ലാത്ത സമ്പത്തുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. 22 ലക്ഷം രൂപ വില വരുന്ന റോളക്‌സ് വാച്ചും ഈ ശേഖരത്തിൽപ്പെടും. മുംബൈയിൽ നാലു ഫ്‌ലാറ്റുകളുള്ള വാങ്കഡെയ്ക്ക് വാഷിമിൽ 41,688 ഏക്കർ നിലവുമുണ്ട്. ഗൊരേഗാവിൽ അഞ്ചാമത്തെ ഫ്‌ലാറ്റിനായി 82.8 ലക്ഷം ചെലവിട്ടുവെന്ന് വാങ്കഡെ പറയുകയും ചെയ്തു. ഈ ഫ്‌ലാറ്റിന്റെ വില 2.45 കോടി രൂപയാണ്. വിവാഹത്തിനു മുൻപ് ഭാര്യയും വാങ്കഡെയും ചേർന്ന് 1.25 കോടി രൂപയ്ക്ക് ഒരു ഫ്‌ലാറ്റ് വാങ്ങിയ കാര്യവും റിപ്പോർട്ടിലുണ്ട്. ഈ പണത്തിന്റെ ഉറവിടം ദുരൂഹമായി തുടരുകയാണ്. വാങ്കഡെയുടെയും ഭാര്യയുടെയും വാർഷിക വരുമാനം 45,61,460 രൂപയാണ്.