ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ; നിർണായക സമയത്ത് ഗഡ്കരി ഉൾപ്പെടെ 20 പ്രമുഖർ എത്തിയില്ല
കേന്ദ്ര സർക്കാരിൻ്റെ നിർണ്ണായക ബില്ലായ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിന്‍റെ വോട്ടെടുപ്പിൽ നിതിൻ ഗഡ്കരി ഉൾപ്പെടെ പ്രമുഖ നേതാക്കൾ വിട്ടു നിന്നതിൽ ബിജെപി നേതൃത്വത്തിന് അതൃപ്തി. ഗഡ്കരി അടക്കം 20 ബിജെപി എംപിമാരാണ് ലോക്സഭയിലെ വോട്ടെടുപ്പിന് എത്താതിരുന്നത്. ബില്ല് പരിഗണിക്കാൻ സംയുക്ത പാർലമെന്‍ററി സമിതിയെ ശൈത്യകാല സമ്മേളനം തീരും മുമ്പ് പ്രഖ്യാപിക്കാനാണ് സാധ്യത.
467 എംപിമാരാണ് ഇന്നലെ ആകെ പാർലമെന്റിൽ ഉണ്ടായിരുന്നത്. അതിൽ 260ന് അടുത്ത് എംപിമാർ ബില്ലിനെ പിന്തുണച്ചു. ബില്ല് പാസാകുന്നതിന് പര്യാപ്തമായ സംഖ്യ ഉണ്ടാവില്ല എന്നതാണ് ബിജെപിയുടെ നിലവിലെ പ്രതിസന്ധി. നിർണായകമായ ബില്ല് അവതരിപ്പിച്ച ഇന്നലെ ബിജെപിയുടെ 20 എംപിമാർ സഭയിൽ എത്തിയിരുന്നില്ല. കേന്ദ്ര മന്ത്രിമാരുൾപ്പെടെയുള്ളവരാണ് വിട്ടുനിന്നത്. നിതിൻ ഗഡ്കരി, ജ്യോതി രാദിത്യ സിന്ധ്യ, ചന്ദനു താക്കൂർ, ജഗദാംബിക പാൽ, ബിവൈ രാഘവേന്ദ്ര, വിജയ് ബാഘേൽ, ഉദയരാജ് ബോൺസ്ലെ, ജഗന്നാഥ് സർക്കാർ, ജയൻ കുമാർ റോയ്, വി സോമണ്ണ, ചിന്താമണി മഹാരാജ് തുടങ്ങിയ പ്രമുഖരാണ് പങ്കെടുക്കാതിരുന്നത്.
അതേസമയം, ഇവർക്ക് ബിജെപി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്. എംപിമാർ പങ്കെടുക്കാത്തതിൽ കടുത്ത അതൃപ്തിയിലാണ് കേന്ദ്ര നേതൃത്വം. എല്ലാവരോടും ചർച്ചയിൽ പങ്കെടുക്കണമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നുവെങ്കിലും പങ്കെടുക്കാത്തതിൽ അതൃപ്തി പുകയുകയാണ്