'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്'; ബിൽ സംയുക്ത പാർലമെൻ്ററി സമിതിക്ക് വിടും

Update: 2024-12-17 11:56 GMT

പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ വോട്ടിംഗിലൂടെ സര്‍ക്കാര്‍ സഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷ ആവശ്യം പരിഗണിച്ച് ബില്ല് സംയുക്ത പാര്‍ലമെന്‍ററി സമിതിക്ക് വിടും.

മൂന്നാം മോദി സര്‍ക്കാരിലെ ആദ്യ വോട്ടെടുപ്പിനാണ് ഇന്ന് പാർലമെന്റ് സാക്ഷ്യം വഹിച്ചത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലില്‍ നിയമമന്ത്രി ഹൃസ്വ വിവരണം നല്‍കിയെങ്കിലും വോട്ടിംഗ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇലക്ട്രോണിക് വോട്ടിംഗില്‍ 369 വോട്ടുകളാണ് സാധുവായത്. അതില്‍ 220 പേര്‍ ബില്ലിനെ പിന്തുണച്ചു. 149 പേര്‍ എതിര്‍ത്തു. തുടര്‍ന്ന് സ്ളിപ്പ് വിതരണം ചെയ്ത് വീണ്ടും വോട്ടിംഗ് നടന്നു. 467 പേരില്‍ 269 പേര്‍ ബില്ലിനെ പിന്തുണച്ചു. 198 പേര്‍ എതിര്‍ത്തു.

ഭൂരിപക്ഷ പിന്തുണയില്‍ മന്ത്രി അര്‍ജ്ജുന്‍ റാം മേഘ് വാള്‍ ബില്ലവതരിപ്പിച്ചു. ലോക് സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള ഭരണഘടന ഭേദഗതി ബില്ലും, ജമ്മുകശ്മീര്‍ ഡൽഹി തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് ബാധകമാക്കാന്‍ രണ്ടാമത്തെ ബില്ലും 129-ആം ഭരണഘടന ഭേദഗതിയെന്ന പേരില്‍ സഭയിലെത്തി.

അതി രൂക്ഷമായ വിമര്‍ശനം പ്രതിപക്ഷം ഉന്നയിച്ചു. നിയമസഭകളെ നോക്കുകൂത്തിയാക്കി, സംസ്ഥാനങ്ങളുടെ അധികാരം കവരാനുള്ള നീക്കത്തെ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം ഒരേ സ്വരത്തില്‍ പറഞ്ഞു. സാമ്പത്തിക ലാഭം, വോട്ടിംഗ് ശതമാനം ഉയര്‍ത്തും തുടങ്ങിയ നേട്ടങ്ങള്‍ എടുത്ത് പറഞ്ഞ് ടിഡിപി, ശിവസേന ഷിന്‍ഡേ വിഭാഗം, വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി തുടങ്ങിയ കക്ഷികള്‍ ബില്ലിനെ അനുകൂലിച്ചു. ബില്‍ ജെപിസിക്ക് വിടുന്നതില്‍ ഒരെതിര്‍പ്പുമില്ലെന്നും, പ്രധാനമന്ത്രിയും അക്കാര്യമാണ് താല്‍പര്യപ്പെടുന്നതെന്നും അമിത് ഷാ വ്യക്തമാക്കി. ജെപിസിക്ക് വിടുന്നതായുള്ള പ്രമേയം അവതരിപ്പിച്ചില്ല. അംഗങ്ങളെ നിശ്ചയിച്ച ശേഷം പ്രമേയം അവതരിപ്പിക്കുമെന്ന് നിയമമന്ത്രി അര്‍ജ്ജുന്‍ റാം മേഘ്വാള്‍ പറഞ്ഞു.

അതേ സമയം ഭരണഘടന ഭേദഗതില്‍ ബില്‍ പാസാകാന്‍ 307 പേരുടെ പിന്തുണ വേണമെന്നിരിക്കേ ഇപ്പോഴത്തെ സംഖ്യയില്‍ ബില്‍ പാസാകില്ലെന്ന് ഇന്നത്തെ വോട്ടെടുപ്പിലൂടെ വ്യക്തമായി. ജെപിസിക്ക് വിടുന്നതില്‍ സര്‍ക്കാരും ഉത്സാഹിച്ചതിന്‍റെ കാരണം മറ്റൊന്നല്ല.   

Tags:    

Similar News