ഭീമ കൊറേഗാവ് കേസിൽ വെർനോൺ ഗോൺസാൽവസിനും അരുൺ ഫെരൈരയ്ക്കും ജാമ്യം

Update: 2023-07-28 13:05 GMT

ഭീമ കൊറേഗാവ് കേസിൽ സാമൂഹിക പ്രവർത്തകരായ വെർനോൺ ഗോൺസാൽവസിനും അരുൺ ഫെരൈരയ്ക്കും ജാമ്യം. കർശന ഉപാധികളോടെയാണ് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്. ജാമ്യം നൽകാതെ നിരന്തരമായി തടവറയിലിടുന്നത് ന്യായീകരിക്കാനാകില്ലെന്ന് ജാമ്യാപേക്ഷ പരിഗണിച്ച കോടതി പറഞ്ഞു. ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് എൻ.ഐ.എ അറസ്റ്റ് ചെയ്ത സാമൂഹിക പ്രവർത്തകരും അഭിഭാഷകരും അധ്യാപകരും ഉൾപ്പെടുന്ന വലിയൊരു നിരയിൽ പ്രമുഖരാണ് വെർനോൺ ഗോൺസാൽവസും അരുൺ ഫെരൈരയും. 2018 ആഗസ്റ്റിലാണ് ഇരുവരും അറസ്റ്റിലാകുന്നത്. ഇതിനുശേഷം ഇതുവരെ ജയിലിൽനിന്ന് പുറത്തിറങ്ങാനായിട്ടില്ല. ജാമ്യാപേക്ഷയുമായി ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂലവിധി ലഭിച്ചില്ല. തുടർന്ന് സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.

പ്രതികൾക്കെതിരായ കുറ്റാരോപണങ്ങൾ ഗുരുതരമാണെന്നതിൽ സംശയമില്ലെന്ന് ജാമ്യാപേക്ഷ പരിഗണിക്കവെ ജസ്റ്റിസുമാരായ അനിരുദ്ധ ബോസും സുധാൻഷു ധുലിയയും ഉൾപ്പെടുന്ന സുപ്രിംകോടതി ബെഞ്ച് നിരീക്ഷിച്ചു. എന്നാൽ, അതിന്റെ പേരിൽ മാത്രം ജാമ്യം നിഷേധിക്കാനാകില്ല. പുറത്തുവന്ന രേഖകൾ അവരുടെ നിരന്തരമായ തടങ്കലിനെ ന്യായീകരിക്കാൻ പോന്നതല്ലെന്നും കോടതി വ്യക്തമാക്കി. കർശന ഉപാധികളോടെയാണ് ഗോൺസാൽവസിനും ഫെരൈരയ്ക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്. മഹാരാഷ്ട്ര വിട്ടുപോകരുത്. പാസ്‌പോർട്ടുകൾ അന്വേഷണസംഘത്തിനു കൈമാറണമെന്നും നിർദേശിച്ചിട്ടുണ്ട്.

2017 ഡിസംബർ 31ന് പൂനെയിൽ നടന്ന എൽഗാർ പരിഷത്ത് കോൺക്ലേവിൽ നടന്നതായി ആരോപിക്കപ്പെടുന്ന വിദ്വേഷ പ്രസംഗങ്ങളുടെ പേരിലുള്ള നിയമനടപടികളാണ് ഭീമ കൊറേഗാവ് കേസ്. പരിപാടിയുടെ തൊട്ടടുത്ത ദിവസം മുതൽ പടിഞ്ഞാറൻ പൂനെയിലെ ഭീമ കൊറേഗാവ് യുദ്ധ സ്മാരകത്തിന്റെ പരിസരങ്ങളിൽ അക്രമസംഭവങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എൽഗാർ കോൺക്ലേവ് ആണ് അക്രമസംഭവങ്ങൾക്കു പ്രചോദനമായതെന്നും ഇതിനു പിന്നിൽ മാവോയിസ്റ്റ്-ദേശവിരുദ്ധ ശക്തികളുടെ ഇടപെടലുണ്ടെന്നുമാണ് എൻ.ഐ.എ ആരോപിക്കുന്നത്.

Similar News