അനിധികൃത കുടിയേറ്റക്കാരുമായി അമേരിക്കയിൽ നിന്നുള്ള സൈനിക വിമാനം ഇന്ത്യയിൽ എത്തിയെന്ന് റിപ്പോർട്ടുകൾ
അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി അമേരിക്കയിൽ നിന്ന് പുറപ്പെട്ട സൈനിക വിമാനം പഞ്ചാബിലെ അമൃത്‍സറിലെത്തിയതായി റിപ്പോർട്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനധികൃത കുടിയേറ്റക്കാർക്കെതിരായുള്ള നടപടിയുടെ ഭാഗമായാണ് ഇന്ത്യൻ കുടിയേറ്റക്കാരെയും തിരിച്ചയക്കാൻ തുടങ്ങിയത്. 104 ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള യുഎസ് സൈനിക വിമാനം സി -17 അമൃത്സറിൽ ഇറങ്ങിയതായാണ് റിപ്പോർട്ട്.
ടെക്സസിലെ വിമാനത്താവളത്തിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. ഇന്ത്യൻ പൗരന്മാരെ പരിശോധിച്ചുറപ്പുവരുത്തിയിട്ടാണ് വിമാനത്തിൽ കയറ്റിയതെന്ന് യുഎസ് അധികൃതർ അറിയിച്ചു. യുഎസ് പ്രസിഡന്റായി അധികാരമേറ്റയുടനെ ട്രംപ് അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചു തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായി ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്ക് കുടിയേറ്റക്കാരെ യുഎസ് സൈനിക വിമാനങ്ങൾ തിരിച്ചയച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച യുഎസിലേക്ക് പറക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇന്ത്യൻ പൗരന്മാരെ നാടുകടത്തുന്നതിനുള്ള ആദ്യ റൗണ്ട് ആരംഭിച്ചത്. അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ തിരിച്ചെടുക്കുന്ന കാര്യത്തിൽ ഇന്ത്യ വേണ്ടത് ചെയ്യുമെന്ന് പ്രധാനമന്ത്രി മോദി തനിക്ക് ഉറപ്പ് നൽകിയതായി യുഎസ് പ്രസിഡന്റ് പറഞ്ഞു.
ബ്ലൂംബെർഗ് ന്യൂസിന്റെ റിപ്പോർട്ട് അനുസരിച്ച്, അനധികൃതമായി യുഎസിൽ പ്രവേശിച്ച 18,000-ത്തോളം ഇന്ത്യൻ കുടിയേറ്റക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അമേരിക്കയുൾപ്പെടെ വിദേശത്ത് നിയമവിരുദ്ധമായി താമസിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ നിയമപരമായ തിരിച്ചുവരവിന് ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ പറഞ്ഞു.