ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ; രാവിലെ 10 മണിക്ക് ശേഷം രേഖപ്പെടുത്തിയത് ഭേതപ്പെട്ട പോളിംഗ്
ഡൽഹി തെരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തിയതായി കണക്ക്. ഒരു മണിവരെ ശരാശരി 25 ശതമാനത്തിനടുത്ത് പോളിംഗ് രേഖപ്പെടുത്തിയതായാണ് കണക്ക്. ശൈത്യത്തിൽ ആദ്യ മണിക്കൂറുകളില്‍ മന്ദഗതിയിലായിരുന്ന പോളിംഗ് രാവിലെ പത്ത് മണിക്ക് ശേഷം ഭേദപ്പെട്ട് തുടങ്ങി. അതിനിടെ, വോട്ട് ചെയ്യാനുള്ള ആഹ്വാനവുമായി പോളിംഗ് ദിനത്തില്‍ നേതാക്കള്‍ കളം നിറഞ്ഞു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിലടക്കം ആംആദ്മി പാര്‍ട്ടിയുടെ 2 എംഎല്‍എമാര്‍ ഉൾപ്പെടെ നാല് നേതാക്കള്‍ക്കെതിരെ കേസെടുത്തു.
പ്രധാന നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് ചെയ്തു. രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു സെക്രട്ടറിയേറ്റിലെ കേന്ദ്രീയ വിദ്യാലയത്തില്‍ വോട്ട് ചെയ്തു. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ നഗരത്തിലെ വിവിധ ബൂത്തുകളിലും വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി അതിഷി മര്‍ലെന, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തുടങ്ങിയവരും ഉച്ചക്ക് മുമ്പ് വോട്ട് ചെയ്തു. നഗര കേന്ദ്രീകൃത മണ്ഡങ്ങളില്‍ പോളിംഗ് മന്ദഗതിയില്‍ നീങ്ങുമ്പോള്‍ ഉള്‍പ്രദേശങ്ങളില്‍ ഭേദപ്പെട്ട നിലയിലാണ്. ആദ്യം വോട്ട് പിന്നെ ജലപാനമെന്ന പതിവ് സന്ദേശം പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കി. ഡൽഹി സര്‍ക്കാരിനെതിരെ ഉയര്‍ന്ന പല ആരോപണങ്ങള്‍ ഉയര്‍ത്തിയായിരുന്നു വോട്ടര്‍മാര്‍ക്ക് അമിത് ഷാ ജാഗ്രത നല്‍കിയത്. നല്ല വിദ്യാഭ്യാസം, സൗജന്യ ചികിത്സയടക്കം ജനപ്രിയ വാഗ്ദാനങ്ങള്‍ ഓര്‍മ്മപ്പെടുത്തി കെജരിവാളും ആശംസകള്‍ നേര്‍ന്നു. ഭരണമാറ്റം ആഗ്രഹിക്കുന്നവരും, ആപ് സര്‍ക്കാര്‍ തുടരണമെന്ന് താല്‍പര്യപ്പടുന്നവരുമായ വോട്ടര്‍മാര്‍ വിധിയെഴുതി.
ചുംബന ആംഗ്യം കാണിച്ചുവെന്ന വനിത വോട്ടറുടെ പരാതിയിലാണ് ആപ് എംഎല്‍എ ദിനേഷ് മോഹാനിയക്കെതിരെ കേസ് എടുത്തത്. പെരുമാറ്റ ചട്ടം ലംഘിച്ച് നിശബ്ദ പ്രചാരണ ദിനം വോട്ട് തേടിയതിനാണ് അമാനത്തുള്ള ഖാന്‍ എംഎല്‍എക്കെതിരെ കേസെടുത്തത്. പൊലീസ് പരിശോധനക്കിടെ മുഖ്യമന്ത്രി അതിഷിയുടെ ഓഫീസിലെ രണ്ട് ജീവനക്കാരില്‍ നിന്ന് 5 ലക്ഷം രൂപ പിടികൂടിയ സംഭവത്തിലും കേസെടുത്തു.