ത്രിവേണി സംഗമത്തിൽ സ്നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ; മഹാ കുംഭമേളയിൽ പങ്കെടുക്കാൻ കഴിഞ്ഞത് അനുഗ്രഹമെന്ന് പ്രതികരണം

Update: 2025-02-05 08:02 GMT

ഡൽഹിയിൽ വോട്ടെടുപ്പ് തുടരുന്നതിനിടെ പ്രയാഗ് രാജിൽ മഹാകുംഭമേളയിൽ സ്നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനൊപ്പം ​ഗം​ഗാതീരത്ത് മോദി പൂജയും നടത്തി. കുംഭമേളയിൽ പങ്കെടുക്കാനായത് അനു​ഗ്രഹമെന്ന് മോദി പറഞ്ഞു.

രാജ്യതലസ്ഥാനത്ത് പോളിം​ഗ് പുരോ​ഗമിക്കവേ രാവിലെ 11 മണിക്കാണ് സം​ഗം ഘാട്ടിലെത്തി ത്രിവേണി സം​ഗമത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്നാനം നടത്തിയത്. പിന്നീട് പ്രത്യേക പൂജയിലും മോദി പങ്കെടുത്തു. കഴിഞ്ഞ മാസം 13 ന് തുടങ്ങിയ മഹാ കുംഭമേളയിൽ ആദ്യമായാണ് മോദി പങ്കെടുക്കുന്നത്. രാവിലെ പ്രയാ​ഗ് രാജ് വിമാനത്താവളത്തിലെത്തിയ മോദി സൈനിക ഹെലികോപ്റ്ററിലാണ് കുംഭമേള ന​ഗരിയിലെത്തിയത്. തിരക്ക് ഒഴിവാക്കാൻ യോ​ഗി ആദിത്യനാഥിനൊപ്പം ബോട്ടിൽ പ്രത്യേക വഴിയിലൂടെയാണ് സം​ഗം ഘാട്ടിലെത്തിയത്. കുംഭമേളയിൽ പങ്കെടുക്കാനെത്തിയവരെ അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു യാത്ര. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് പ്രയാ​ഗ് രാജിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഡൽഹി തെരഞ്ഞെടുപ്പിലുടനീളം കുംഭമേള നടത്തിപ്പ് ബിജെപി പ്രചാരണായുധമാക്കിയിരുന്നു. എന്നാൽ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ച ദുരന്തം തിരിച്ചടിയായി. പ്രതിപക്ഷം പാർലമെന്റിലടക്കം ഇത് ഉന്നയിച്ചു. പിന്നാലെ വിശ്വാസികളുടെ വോട്ടുറപ്പിക്കാൻ കൂടിയാണ് പോളിം​ഗ് ദിനത്തിൽ പ്രധാനമന്ത്രിയുടെ സ്നാനം. കേന്ദ്രമന്ത്രി അമിത്ഷായും, ഉപരാഷ്ട്രപതിയും, വിവിധ കേന്ദ്രമന്ത്രിമാരും നേരത്തെ സ്നാനം നടത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന പോളിം​ഗ് ദിനത്തിൽ കന്യാകുമാരിയിൽ മോദി ധ്യാനം തുടങ്ങിയതും വലിയ ചർച്ചയായിരുന്നു. ദുരന്തം നടന്ന ദിവസമായിരുന്നു മോദി കുംഭമേളയ്ക്ക് പോകേണ്ടിയിരുന്നതെന്ന് പ്രതിപക്ഷം വിമർശിച്ചു.

Tags:    

Similar News