ഔദ്യോഗിക ആവശ്യങ്ങൾക്ക് ഇനി മുതൽ ചാറ്റ് ജിപിടി, ഡീപ്സീക്ക് തുടങ്ങിയ എഐ ടൂളുകൾ ഉപയോഗിക്കരുത്: ജീവനക്കാർക്ക് നിർദ്ദേശം നൽകി കേന്ദ്രം
ഔദ്യോഗിക ആവശ്യങ്ങൾക്ക് ഇനി മുതൽ ചാറ്റ് ജിപിടി, ഡീപ്സീക്ക് തുടങ്ങിയ എഐ ടൂളുകൾ ഉപയോഗിക്കരുതെന്ന് ജീവനക്കാർക്ക് നിർദ്ദേശം നൽകി കേന്ദ്രം. സർക്കാർ ഔദ്യോഗിക രേഖകളുടെ വിവരങ്ങൾ ചോരുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉപദേശക സംഘം ആശങ്ക പങ്കുവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം എഐ ടൂളുകൾ ഉപയോഗിക്കുന്നത് നിർത്തണമെന്ന നിർദ്ദേശം ജീവനക്കാർക്ക് നൽകിയത്.
ഔദ്യോഗിക വിവരങ്ങൾ ചോരുമെന്ന് ചൂണ്ടിക്കാട്ടി ഓസ്ട്രേലിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ ഡീപ്സീക്ക് ഉപയോഗിക്കുന്നതിൽ നേരത്തെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എഐ ആപ്പുകളും, ടൂളുകളും ഓഫീസ് കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്നതിലൂടെ വിവരങ്ങൾ ചോരുകയും സർക്കാരിന്റെ സ്വകാര്യത നഷ്ടപ്പെടുകയും ചെയ്യും. ഓപ്പൺ എഐ ചീഫ് സാം ആൾട്മാൻ ബുധനാഴ്ച ഇന്ത്യ സന്ദർശിക്കാൻ ഇരിക്കെയാണ് കേന്ദ്രം ചൊവ്വാഴ്ച ഈ നിർദ്ദേശം പുറത്തിറക്കിയത്.
ചാറ്റ് ജിപിടി, ഡീപ്സീക്ക് എന്നിവയുടെ മാതൃസ്ഥാപനമായ ഓപ്പൺ എഐ ഇതുവരെ ഇതിന് വ്യക്തമായ മറുപടി നൽകിയിട്ടില്ല. ഇത് ന്യായമായ ആവശ്യമാണെന്നും ഈ ആഴ്ച തന്നെ ഇതിനു വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ധനകാര്യ വകുപ്പ് അധികൃതർ പറഞ്ഞു.
ഇന്ത്യയിലെ മറ്റ് വകുപ്പുകളിൽ ഇത് സംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടോ എന്ന് ഇതുവരെ വ്യക്തമല്ല. മുൻനിര മാധ്യമ സ്ഥാപനങ്ങളുമായി ഉണ്ടായ പകർപ്പവകാശ ലംഘന പോരാട്ടത്തിൽ തന്നെ ഓപ്പൺ എഐ ഇന്ത്യയിൽ ചൂടേറിയ പ്രശ്നങ്ങൾ നേരിട്ടിരുന്നു. രാജ്യത്ത് തങ്ങൾക്ക് സർവറുകൾ ഇല്ലെന്നും, ഇന്ത്യൻ കോടതികൾ ഇത് കേൾക്കരുതെന്നും ഓപ്പൺ എഐ പറഞ്ഞു.