'കപ്പലിലെ ഇന്ത്യക്കാരുടെ മോചനത്തിനുള്ള ഇടപെടൽ വേഗത്തിലാക്കണം'; കേന്ദ്രത്തിന് കത്തയച്ച് രാഹുൽ ഗാന്ധി
ഗിനിയയിൽ തടവിലാക്കപ്പെട്ട ഹീറോയിക് ഇഡുൻ കപ്പലിലെ മലയാളി ചീഫ് ഓഫീസർ സനു ജോസ് അടക്കമുള്ള ഇന്ത്യക്കാരെ മോചിപ്പിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി എം പി കേന്ദ്ര സർക്കാർ നേതൃത്വത്തിന് കത്ത് നൽകി. കേന്ദ്ര തുറമുഖ-ഷിപ്പിംഗ്- ജല ഗതാഗത വകുപ്പ് മന്ത്രി സർബാനന്ദ സെനോവാളിനാണ് രാഹുൽ കത്ത് അയച്ചത്.
2022 ഓഗസ്റ്റ് മുതൽ ഹീറോയിക് ഇടുൻ കപ്പലിലെ ചീഫ് ഓഫീസറായ സനു ജോസ് അടക്കമുള്ള ക്രൂ അംഗങ്ങളെ എക്വറ്റോറിയൽ ഗിനിയയിൽ തടവിലാക്കിയിരിക്കുകയാണ്. സനു ജോസിന്റെ മോചനത്തിനായി അമ്മ ലീല ജോസ് അപേക്ഷ സർപ്പിച്ചിട്ടുണ്ട്. ലീല ജോസിന്റെ അപ്പീൽ പരിഗണിക്കണം. അന്താരാഷ്ട്ര നിയമത്തിന് കീഴിലുള്ള ഇന്ത്യയുടെ ബാധ്യതകൾക്കനുസൃതമായി സനു ജോസ് അടക്കമുള്ള പൗരന്മാരെ തിരികെയെത്തിക്കാൻ ഉചിതമായ നടപടികൾ എത്രയും വേഗത്തിൽ ആരംഭിക്കണമെന്നും രാഹുൽ ഗാന്ധി എം പി കത്തിൽ ആവശ്യപ്പെട്ടു.
ഗിനിയിൽ തടവിലായ മലയാളികളായ കപ്പൽ ജീവനക്കാരുടെ വീട്ടുകാർ വലിയ ആശങ്കയിലാണ് ഒരോ ദിവസവും തള്ളി നീക്കുന്നത്. കുടിവെള്ളം പോലും ആവശ്യത്തിന് കിട്ടാത്ത ദുരിതത്തിലാണ് കഴിയുന്നതെന്നാണ് കപ്പൽ ജീവനക്കാർ വീട്ടുകാരെ അറിയിച്ചിരിക്കുന്നത്.
കപ്പൽ ജീവനക്കാർ ആഫ്രിക്കൻ രാജ്യത്ത് തടവിലായിട്ട് അടുത്ത ആഴ്ച മൂന്ന് മാസം പൂർത്തിയാകും. ഇടപെടുന്നുണ്ടെന്ന് വിദേശകാരമന്ത്രാലയവും ഗിനിയിലെ ഇന്ത്യൻ എംബസിയും ആവർത്തിക്കുമ്പോഴും കപ്പൽ ജീവനക്കാരുടെ സാഹചര്യം അനുദിനം മോശമാവുകയാണ്. ഇന്ത്യക്കാരുള്ള കപ്പലിന് ഇരുപത്തിനാല് മൈൽ അകലെ നൈജീരിയൻ സൈനിക കപ്പൽ രണ്ട് ദിവസമായി നിലയുറപ്പിച്ചിട്ടുണ്ട്. സമുദ്രാതിർത്തി ലംഘനം, ക്രൂഡ് ഓയിൽ മോഷണം അടക്കമുള്ള ആരോപണങ്ങൾ കപ്പലിനെതിരെ ഉയർത്തുന്നുണ്ട്. പിഴ ഈടാക്കിയെങ്കിലും ജീവനക്കാരെ വിടാതെ നൈജീരിയക്ക് കൈമാറുമെന്നാണ് എക്വറ്റോറിയൽ ഗിനി വ്യക്തമാക്കിയത്.
എപ്പോൾ വേണമെങ്കിലും നൈജീരിയക്ക് കൈമാറുമെന്ന ആശങ്കയുള്ളതിനാൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നതാണ് ജീവനക്കാരുടെ കുടുംബാഗങ്ങളുടെ അഭ്യർത്ഥന. കേരളത്തിലെ സിപിഎം കോണ്ഗ്രസ് എംപിമാരും മോചനം ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ മോചനം ഇനിയും സാധ്യമായിട്ടില്ല. ഇവർ തടവിലായ ഓഗസ്റ്റ് മുതൽ ഗിനിയും നൈജീരിയയുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് ഇന്ത്യൻ എംബസിയുടെ പ്രതികരണം.