ദേശീയ നേതൃത്വത്തിലും അഴിച്ചുപണി പരിഗണനയിൽ; കേരളം പിടിക്കാൻ 'കർണാടക മോഡൽ' നീക്കവുമായി കോൺഗ്രസ്
കോൺഗ്രസ് സംഘടനാ നേതൃതലത്തിൽ കാര്യമായ അഴിച്ചുപണിക്ക് കോൺഗ്രസ്. ബെലഗാമിൽ നടക്കുന്ന കോൺഗ്രസിൻ്റെ വിശാല പ്രവർത്തകസമിതിയിൽ ഇത് സംബന്ധിച്ച് ചർച്ചകുണ്ടായി. എഐസിസി ജനറൽ സെക്രട്ടറി പദത്തിലേക്ക് കൂടുതൽ പേരെ പരിഗണിക്കുന്നുവെന്നാണ് വിവരം. അതേസമയം കേരളത്തിൽ തിരികെ ഭരണത്തിലെത്താൻ കർണാടക മോഡൽ രാഷ്ട്രീയ നീക്കം നടത്താനും തീരുമാനമായിട്ടുണ്ട്.
ഹിന്ദി ഹൃദയഭൂമിയിൽ നിന്ന് കൂടുതൽ മുതിർന്ന നേതാക്കൾ സംഘടനാ നേതൃപദവിയിലേക്ക് വരണമെന്ന് വിശാല പ്രവർത്തകസമിതി യോഗത്തിൽ പൊതുവികാരം ഉയർന്നു. ഹിന്ദി ഭാഷാ സംസ്ഥാനങ്ങളിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിൻ്റെ ഭാഗമായാണിത്. ഹിന്ദി ഹൃദയഭൂമിയിൽ നിന്ന് കൂടുതൽ നേതാക്കൾക്ക് ദില്ലിയിൽ തെരഞ്ഞെടുപ്പ് ചുമതല നൽകുമെന്നാണ് വിവരം. ദില്ലി തെരഞ്ഞെടുപ്പിന് ഹിന്ദി ബെൽറ്റിൽ നിന്നുള്ള നേതാക്കളെ മേഖല തിരിച്ച് ചുമതലപ്പെടുത്തും. കേരളത്തിനായി പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് നീക്കം. കർണാടക മോഡലിൽ വാർ റൂം സജ്ജീകരണങ്ങളോടെയാണ് കേരളത്തിൽ കോൺഗ്രസ് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളെ പിടിച്ചെടുക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് പ്രവർത്തക സമിതി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച മല്ലികാർജ്ജുൻ ഖർഗെ പറഞ്ഞു. അതിന് എതിരെയുള്ള പോരാട്ടം തുടരും. നെഹ്റു,ഗാന്ധി അംബേദ്കറുടെ എന്നിവരുടെ ആശയങ്ങൾക്കും ആദരവിനും വേണ്ടി അവസാന ശ്വാസം വരെ പോരാടും. തെരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടമാകുന്നു. 2025 സംഘടനയെ ശക്തിപ്പെടുത്തുന്ന വർഷമായിരിക്കും. പാർട്ടിയിലെ ഒഴിവുള്ള തസ്തികകൾ നികത്തും. ഉദയ്പൂർ യോഗത്തിലെ തീരുമാനങ്ങൾ പൂർണ്ണമായും നടപ്പിലാക്കുക എന്നതും ലക്ഷ്യമാണെന്നും ഖർഗെ പറഞ്ഞു.
ആരോഗ്യകാരണങ്ങളാൽ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്ന സോണിയാ ഗാന്ധിയുടെ സന്ദേശം യോഗത്തിൽ വായിച്ചു. മഹാത്മാഗാന്ധി നമ്മുടെ പ്രചോദനമായി തുടരുന്നുവെന്നും ഗാന്ധിജിയുടെ പാരമ്പര്യത്തിന് ഡൽഹിയിൽ അധികാരത്തിലിരിക്കുന്നവർ ഭീഷണിയാണെന്നും സോണിയാ ഗാന്ധി വിമർശിച്ചു. ഈ ശക്തികൾ ഒരിക്കലും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ ഉണ്ടായിരുന്നില്ല. അവർ മഹാത്മാഗാന്ധിയെ ശക്തമായി എതിർത്തിരുന്നു. ഗാന്ധിവധത്തിലേക്ക് നയിച്ച വിഷലിപ്തമായ അന്തരീക്ഷം രാജ്യത്ത് സൃഷ്ടിച്ചത് അവരാണെന്നും ബിജെപിയെ ഉന്നമിട്ട് സോണിയാ ഗാന്ധി കുറ്റപ്പെടുത്തി.