മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് അന്തരിച്ചു

Update: 2024-12-26 17:50 GMT

മുൻപ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മൻമോഹൻ സിങ്(92) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു.


കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ രാത്രി എട്ട് മണിയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി 9.51-ന് മരണം സ്ഥിരീകരിച്ചു. 2004 മേയ് 22 മുതല്‍ തുടർച്ചയായ പത്ത് വർഷക്കാലം രാജ്യത്തിന്റെ പ്രധാനമന്ത്രിപദം അലങ്കരിച്ച അദ്ദേഹം നവ ഉദാരവത്കരണ നയങ്ങളുടെ പതാകവാഹകനായിരുന്നു.

അവിഭക്ത ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയില്‍ പെട്ട ഒരു ഗ്രാമത്തില്‍ 1932 സെപ്റ്റംബർ 26നാണ് ഡോ. മൻമോഹൻ സിംങ്ങിന്റെ ജനനം. 1948ല്‍ പഞ്ചാബ് സർവകലാശാലയില്‍നിന്ന് മെട്രിക്കുലേഷൻ പരീക്ഷ പാസ്സായി. തുടർന്ന് 1957ല്‍ ബ്രിട്ടനിലെ കേംബ്രിജ് സർവകലാശാലയില്‍ പഠിച്ച്‌ സാമ്ബത്തികശാസ്ത്രത്തില്‍ ഒന്നാം ക്ലാസ് ഓണേഴ്സ് ബിരുദം നേടി. ഓക്സ്ഫഡ് സർവകലാശാലയിലെ നഫില്‍ഡ് കോളജില്‍ ചേർന്ന് 1962ല്‍ സാമ്ബത്തിക ശാസ്ത്രത്തില്‍ ഡി.ഫില്‍ പൂർത്തിയാക്കി.

പഞ്ചാബ് സർവകലാശാലയിലും പ്രമുഖ ഉന്നതപഠന കേന്ദ്രമായ ഡല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സിലും അധ്യാപകനായി പ്രവർത്തിച്ചപ്പോഴുള്ള മെച്ചപ്പെട്ട പ്രകടനം അദ്ദേഹത്തെ അക്കാദമിക് രംഗത്തു ശ്രദ്ധേയനാക്കി. ഈ കാലഘട്ടത്തില്‍ കുറച്ചു കാലം യു.എൻ.സി.ടി.എ.ഡി. സെക്രട്ടേറിയറ്റിലും പ്രവർത്തിച്ചു. ഇത് 1987നും 1990നും ഇടയില്‍ ജനീവയിലെ സൗത്ത് കമ്മീഷന്റെ സെക്രട്ടറി ജനറല്‍ പദവിയിലെത്താനുള്ള വഴിയൊരുക്കി.


1971ല്‍ കേന്ദ്ര വാണിജ്യ മന്ത്രാലയത്തില്‍ സാമ്ബത്തികശാസ്ത്ര ഉപദേഷ്ടാവായി ചേർന്നു. അടുത്ത വർഷം ധനമന്ത്രാലയത്തിന്റെ മുഖ്യ സാമ്ബത്തിക ശാസ്ത്ര ഉപദേഷ്ടാവായി നിയമിതനായി. പല പ്രധാന പദവികളും ഡോ. സിംങ്ങിനെ തേടിയെത്തി. ധനകാര്യമന്ത്രാലയം സെക്രട്ടറി, പ്ലാനിംഗ് കമ്മീഷൻ ഡെപ്യൂട്ടി ചെയർമാൻ, റിസർവ് ബാങ്ക് ഗവർണർ, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്, യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ചെയർമാൻ തുടങ്ങിയ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.


ഇന്ത്യയുടെ സാമ്ബത്തിക ചരിത്രത്തിലെ വഴിത്തിരിവെന്നു വിളിക്കാവുന്ന 1991-96 കാലഘട്ടത്തില്‍ ഡോ. സിംങ് ഇന്ത്യയുടെ ധനകാര്യമന്ത്രിയായി. സമഗ്ര സാമ്ബത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതില്‍ അദ്ദേഹത്തിനുള്ള പങ്ക് ഇപ്പോള്‍ ലോകം അംഗീകരിച്ചുകഴിഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആ കാലഘട്ടത്തെക്കുറിച്ചുള്ള പരാമർശങ്ങളില്‍ പോലും ഡോ. മൻമോഹൻ സിംങ്ങിന്റെ വ്യക്തിത്വം വിഷയമാകും.


ഒട്ടേറെ അവാർഡുകളും അംഗീകാരങ്ങളും നേടിയിട്ടുള്ള ഡോ. സിംങ്ങിനെ തേടിയെത്തിയ ഏറ്റവും പ്രമുഖ പുരസ്കാരം 1987ല്‍ ലഭിച്ച ഇന്ത്യയുടെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷണ്‍ ആണ്. 1995ല്‍ ഇന്ത്യൻ ശാസ്ത്ര കോണ്‍ഗ്രസിന്റെ ജവഹർലാല്‍ നെഹ്രു ജൻമശതാബ്ദി അവാർഡും 1993ലും 94ലും മികച്ച ധനകാര്യമന്ത്രിക്കുള്ള ഏഷ്യാ മണി അവാർഡും 1993ല്‍ മികച്ച ധനകാര്യമന്ത്രിക്കുള്ള യൂറോ മണി അവാർഡും 1956ല്‍ കേംബ്രിജ് സർവകലാശാലയുടെ ആഡം സ്മിത്ത് സമ്മാനവും 1955ല്‍ കേംബ്രിജിലെ സെന്റ് ജോണ്‍സ് കോളജിലെ മികച്ച പ്രകടനത്തിന് റൈറ്റ്സ് പ്രൈസുമാണ് അദ്ദേഹത്തിനു ലഭിച്ച മറ്റ് അംഗീകാരങ്ങളില്‍ പ്രധാനം. ഇതിനു പുറമെ, പല പ്രമുഖ ദേശ-വിദേശ സംഘടനകളും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കേംബ്രിജ്, ഓക്സ്ഫഡ് സർവകലാശാലകള്‍ ഡോ. സിങ്ങിന് ഓണററി ബിരുദങ്ങള്‍ നല്‍കാൻ തയ്യാറായി.


പല രാജ്യാന്തര സംഘടനകളിലും സമ്മേളനങ്ങളിലും ഇന്ത്യൻ പ്രതിനിധിയായി പങ്കെടുത്തിട്ടു്. 1993ല്‍ സൈപ്രസില്‍ നടന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവൻമാരുടെ യോഗത്തിലേക്കും വിയന്നയില്‍ നടന്ന ലോക മനുഷ്യാവകാശ സമ്മേളനത്തിലേക്കുമുള്ള ഇന്ത്യൻ സംഘത്തെ നയിച്ചു.


രാഷ്ട്രീയ ജീവിതത്തില്‍, ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയില്‍ അംഗമാണ് അദ്ദേഹം, 1991 മുതല്‍. 1998 മുതല്‍ 2004 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവിയിരുന്നു. പൊതുതെരഞ്ഞെടുപ്പിനെത്തുടർന്ന് 2004 മെയ് 22നാണു പ്രധാനമന്ത്രിയായി അധികാരമേറ്റത്. രണ്ടാമത് അധികാരമേറ്റത് 2009 മെയ് 22നും.


ഡോ. മൻമോഹൻ സിംങ്ങിനും ഭാര്യ ഗുർശരണ്‍ കൗറിനും മൂന്നു പെണ്‍മക്കളാണുള്ളത്. 'India's Export Trends and Prospects for Self-Sustained Growth',[Clarendon Press, Oxford, 1964] എന്ന പുസ്തകം രാജ്യത്തിനകത്തുള്ള സാധ്യതകളെ മാത്രം കേന്ദ്രീകരിച്ചുള്ള ഇന്ത്യയുടെ വ്യാപാരനയത്തെ വിമർശിച്ചുകൊണ്ടുള്ളതായിരുന്നു.

Tags:    

Similar News