ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ്റെ നിയമനം ; തീരുമാനം ഏകപക്ഷീയമെന്ന് കോൺഗ്രസ്
ദേശീയ മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്ത് ജസ്റ്റിസ് വി രാമസുബ്രമണ്യനെ നിയമിച്ചതിനെതിരെ കോൺഗ്രസ്. ഏകപക്ഷീയമായാണ് കേന്ദ്രസർക്കാർ തീരുമാനം എടുത്തതെന്ന് ആരോപിച്ച പ്രതിപക്ഷ നേതാക്കളായ മല്ലികാർജ്ജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവർ നല്കിയ വിയോജന കുറിപ്പ് പുറത്തു വിട്ടു.
ജസ്റ്റിസ് കെ.എം. ജോസഫ്, ജസ്റ്റിസ് റോഹിൻടൺ നരിമാൻ എന്നിവരുടെ പേരുകളാണ് കോൺഗ്രസ് നല്കിയിരുന്നത്. അംഗങ്ങളുടെ പട്ടികയിൽ ജസ്റ്റിസ് എ എ ഖുറേഷിയുടെ പേരും നല്കിയിരുന്നു. സാമുദായിക സന്തുലനം കൂടി ഉറപ്പാക്കി വേണം ഇത്തരം സമിതികളിലേക്ക് അംഗങ്ങളെ നിയമിക്കേണ്ടത് എന്ന് വിയോജന കുറിപ്പിൽ രാഹുലും ഖർഗെയും വ്യക്തമാക്കി.
പ്രധാനമന്ത്രി അദ്ധ്യക്ഷനായ സെലക്ഷൻ കമ്മിറ്റിയിൽ സ്പീക്കർ, രാജ്യസഭ ഉപാദ്ധ്യക്ഷൻ, ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാക്കൾ എന്നിവരാണുള്ളത്. ഭൂരിപക്ഷ അടിസ്ഥാനത്തിലല്ല സമവായത്തിൻറെ അടിസ്ഥാനത്തിൽ വേണം നിയമനം നടത്തേണ്ടിയിരുന്നത് എന്നും കോൺഗ്രസ് നല്കിയ കുറിപ്പിൽ പറയുന്നു.