രാജ്യത്തിന്റെ പുരോഗതിയിൽ ചിലയാളുകൾക്ക് അതൃപ്തി; രാഹുലിന്റെ പേര് പറയാതെ വിമർശിച്ച് മോദി
രാജ്യത്തിന്റെ പുരോഗതിയിൽ ചിലയാളുകൾക്ക് അതൃപ്തിയാണെന്നും അത് പുറത്ത് വന്നെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ചിലരുടെ മനോനില വെളിപ്പെട്ടു. ഈ വലിയ നേതാവ് രാഷ്ട്രപതിയെ പോലും അപമാനിച്ചു. വെറുപ്പിന്റെ രാഷ്ട്രീയം പുറത്തുവന്നുവെന്നും രാഹുൽ ഗാന്ധിയുടെ പ്രസംഗത്തെ വിമർച്ചുകൊണ്ട് മോദി പറഞ്ഞു. രാഹുലിന്റെ പേര് പറയാതെയായിരുന്നു മോദിയുടെ പരാമർശം. പാർലമെന്റിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ന് ആഗോളസ്ഥാപനങ്ങൾ പോലും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് ഇന്ത്യയെ ആണ്. ശോഭനമാർന്ന ഒരു ഭാവിയും സാധ്യതകളുമാണ് നമ്മുടെ രാജ്യം മുന്നോട്ട് വെക്കുന്നത്. നിരാശയിൽ കഴിയുന്നവർക്ക് ഇത് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. 2014നു മുമ്പ് രാജ്യത്തെ സമ്പദ്‌വ്യവസ്ഥയും വിലക്കയറ്റവും എങ്ങനെയായിരുന്നുവെന്നും മോദി ചോദിച്ചു.
ഇന്ത്യ സുസ്ഥിരമായ ഒരു രാജ്യമായി മാറിക്കഴിഞ്ഞു. സ്ഥിരതയാർന്ന ഒരു സർക്കാരുണ്ട് ഇവിടെ. അപ്പോൾ ആക്രമണങ്ങളും സ്വാഭാവികമാണ്. നിരവധി രാജ്യങ്ങൾ പണപ്പെരുപ്പം, തൊഴിലില്ലായ്മ എന്നിവകൊണ്ട് കഷ്ടപ്പെടുകയാണ്. ലോകത്തിലെ അഞ്ചാമത്തെ സമ്പദ്‌വ്യവസ്ഥയാണ് നമ്മുടേതെന്ന് ഏതൊരു ഇന്ത്യക്കാരനും അഭിമാനത്തോടെ പറയാൻ സാധിക്കും. ജി20 ഉച്ചകോടിക്ക് നമ്മൾ ആതിഥ്യം വഹിക്കും. 140 കോടി ഇന്ത്യക്കാർക്ക് അഭിമാനമാണ് അതെന്നും മോദി ചൂണ്ടിക്കാട്ടി.