ആരാധനാലയങ്ങൾ സംരക്ഷിക്കാനുള്ള നിയമം നിലനിര്‍ത്തേണ്ടത് മതേതരത്വത്തിന് അനിവാര്യമെന്ന് കോൺഗ്രസ്; കോൺഗ്രസ് പുതിയ മുസ്ലിംലീഗെന്ന് ബിജെപി
ആരാധനാലയങ്ങൾ സംരക്ഷിക്കാനുള്ള നിയമത്തിലുള്ള ഹർജിയിൽ കക്ഷി ചേരാനുള്ള കോൺഗ്രസ് അപേക്ഷയെ ചൊല്ലി രാഷ്ട്രീയ പോര് മുറുകുന്നു. കോൺഗ്രസ് പുതിയ മുസ്ലിം ലീഗാണെന്ന ബിജെപി നേതാവ് അമിത് മാളവ്യയുടെ പ്രസ്താവനയ്ക്കെതിരെ എഐസിസി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചേക്കും.
ക്ഷേമ പദ്ധതികളും സൗജന്യങ്ങളും പ്രഖ്യാപിച്ചാണ് ദില്ലി തെരഞ്ഞെടുപ്പിൽ കളം പിടിക്കാൻ ബിജെപി നോക്കുന്നത്. അയോധ്യ അടക്കമുള്ള ഹിന്ദുത്വ വിഷയങ്ങൾ ദില്ലിയിൽ കാര്യമായി ചർച്ചയിലില്ല. ഇതിനിടയിലാണ് ആരാധനാലയങ്ങൾ സംരക്ഷിക്കാനുള്ള നിയമം റദ്ദാക്കണമെന്ന ഹർജിക്കെതിരെ സുപ്രീംകോടതിയിൽ കോൺഗ്രസ് കക്ഷി ചേരാനുള്ള അപേക്ഷ നല്കിയത്.
ആരാധനാലയങ്ങൾ സംരക്ഷിക്കാനുള്ള 1991ലെ നിയമം നിലനിറുത്തേണ്ടത് മതേതരത്വത്തിന് അനിവാര്യമെന്ന് ചൂണ്ടിക്കാട്ടിയാണ് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ കഴിഞ്ഞ ദിവസം ഹർജി നല്കിയത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചാണ് ഈ കേസ് പരിഗണിക്കുന്നത്. ഭരണഘടന ബഞ്ച് രൂപീകരിക്കണോ എന്നതടക്കമുള്ള വിഷയങ്ങൾ ചീഫ് ജസ്റ്റിസിൻറെ പരിഗണനയിലുണ്ട്. വിഷയത്തിൽ കേന്ദ്രസർക്കാരിൻറെ നിലപാട് കോടതി തേടിയിരിക്കെയാണ്
കോൺഗ്രസിന്‍റെ ഹർജിക്കെതിരെ ബിജെപി രൂക്ഷ വിമർശനം ഉയർത്തി. ഹിന്ദുക്കൾക്കെതിരെ കോൺഗ്രസ് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു. ചരിത്രപരമായ പിഴവ് തിരുത്താനുള്ള ഹിന്ദുക്കളുടെ അവകാശത്തെയാണ് കോൺഗ്രസ് ചോദ്യം ചെയ്യുന്നത്. കോൺഗ്രസ് ഹിന്ദു വിരുദ്ധമാണെന്നും ആധുനിക മുസ്ലിം ലീഗാണെന്നും അമിത് മാളവ്യ കുറിച്ചു.
ഡൽഹിയിലെ പ്രചാരണത്തിനിടെയുള്ള അമിത് മാളവ്യയുടെ പ്രസ്താവനയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് കോൺഗ്രസ് ആലോചന. ഡൽഹി തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ സ്വാധീനം കൂടുതലുള്ള സീറ്റുകളിൽ കോൺഗ്രസിനുള്ള പിന്തുണ ഏറി വരുന്നതാണ് പ്രചാരണത്തിൽ കാണുന്നത്. ഈ സൂചന കൂടി കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ആരാധനാലയസംരക്ഷണ നിയമത്തിൽ ഹർജിയുമായി കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്