അധികാരത്തിലെത്തിയാൽ വാടകയ്ക്ക് താമസിക്കുന്നവർക്ക് സൗജന്യ കുടിവെള്ളവും വൈദ്യുതിയും നൽകും; തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ വാഗ്ദാനവുമായി ആം ആദ്മി പാർട്ടി
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പുതിയ വാഗ്ദാനവുമായി ആം ആദ്മി പാർട്ടി. എഎപി അധികാരത്തിലെത്തിയാൽ വാടകയ്ക്ക് താമസിക്കുന്നവർക്ക് സൗജന്യ കുടിവെള്ളവും വൈദ്യുതിയും നൽകുമെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ പ്രഖ്യാപിച്ചു.
60 വയസ് മുതൽ മുകളിലുള്ളവർക്ക് സൗജന്യ ചികിത്സ, സ്ത്രീകൾക്ക് മാസം 2100 രൂപ നൽകുന്ന മഹിളാ സമ്മാൻ യോജന, ഓട്ടോ ഡ്രൈവർമാരുടെ പെൺമക്കളുടെ വിവാഹത്തിന് ഒരുലക്ഷം രൂപയുടെ ധനസഹായം, ഓട്ടോ ഡ്രൈവർമാർക്ക് 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് എന്നിവയാണ് എഎപിയുടെ പുതിയ വാഗ്ദാനങ്ങൾ.
200 യൂണിറ്റിനകത്ത് ഉപയോഗിക്കുന്നവർക്ക് സൗജന്യ വൈദ്യുതി, കുടിവെള്ള സബ്‌സിഡി, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, മൊഹല്ല ക്ലിനിക്കുകൾ തുടങ്ങിയവ നിലവിൽ നടപ്പാക്കുന്നുണ്ട്. ഇതിനു പുറമെയാണ് പുതിയ വാഗ്ദാനങ്ങൾ.
ആം ആദ്മിയുടെ വാഗ്ദാനങ്ങൾ ബിജെപി അതേപടി പകർത്തുന്നുവെന്ന് അരവിന്ദ് കേജ്‌രിവാൾ കഴിഞ്ഞദിവസം പരിഹസിച്ചിരുന്നു. വീണ്ടും അധികാരത്തിലെത്തിയാൽ വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്രയും അദ്ദേഹം വാഗ്ദാനം ചെയ്‌തിട്ടുണ്ട്. ഡൽഹി മെട്രോയിൽ വിദ്യാർത്ഥികൾക്ക് 50 ശതമാനം ഇളവ് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കേജ്‌രിവാൾ കത്തയച്ചിരുന്നു.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നലെയായിരുന്നു. പിൻവലിക്കാനുള്ള അവസാന തീയതി 20 ആണ്. ഫെബ്രുവരി അഞ്ചിനാണ് വോട്ടെടുപ്പ്. എട്ടിന് വോട്ടെണ്ണൽ.