‘ജനാധിപത്യത്തിന്റെ മാതാവ്’ ആണ് ഇന്ത്യ; ഇവിഎം വിമർശനങ്ങളെ തള്ളിയും തിരഞ്ഞെടുപ്പ് കമ്മിഷനെ അഭിനന്ദിച്ചും പ്രധാനമന്ത്രി 

Update: 2025-01-19 11:18 GMT

നീതിപൂർവം തിരഞ്ഞെടുപ്പ് നടത്തി ജനാധിപത്യം ശക്തിപ്പെടുത്ത‌ാൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയതിനു തിരഞ്ഞെടുപ്പ് കമ്മിഷനെ (ഇസിഐ) അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

തിരഞ്ഞെടുപ്പു കമ്മിഷന്റെ സ്ഥാപക ദിനമായ ജനുവരി 25 ദേശീയ വോട്ടർ ദിനമായി ആചരിക്കുന്നതിനു മുന്നോടിയായാണു മോദിയുടെ പരാമർശം. പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യ പ്രക്രിയയിൽ സജീവമായി പങ്കെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ പൗരന്മാരെ പ്രോത്സാഹിപ്പിച്ചെന്നും മോദി പറഞ്ഞു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) പ്രവർത്തനത്തെപ്പറ്റി പ്രതിപക്ഷം നിരന്തരം ആശങ്ക ഉന്നയിക്കുന്നുണ്ട്. ഇവിഎം വിമർശനങ്ങൾക്കുള്ള മറുപടി കൂടിയാണു പ്രധാനമന്ത്രിയുടെ പ്രസ്താവന. 

‘‘ഇന്ത്യയുടെ ജനാധിപത്യ യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ, സ്വാതന്ത്ര്യാനന്തരം രാജ്യത്തിനു ജനാധിപത്യം നിലനിർത്താൻ കഴിയുമെന്നതിൽ സംശയങ്ങളുണ്ടായിരുന്നു. ആ സംശയങ്ങൾ തെറ്റാണെന്ന് ഇന്ത്യ തെളിയിച്ചു. ‘ജനാധിപത്യത്തിന്റെ മാതാവ്’ ആണ് ഇന്ത്യ.’’– മോദി പറഞ്ഞു.

സാധാരണ മാസങ്ങളിൽ അവസാന ഞായറാഴ്ചയാണു മൻ കി ബാത്ത് നടക്കാറുള്ളത്. അടുത്ത ഞായറാഴ്ച റിപ്പബ്ലിക് ദിനം ആയതിനാലാണ് ഈ മാസം ഇന്നു പരിപാടി സംപ്രേക്ഷണം ചെയ്തത്.

ഭരണഘടനാ സഭയിലെ പ്രമുഖരായ രാജേന്ദ്ര പ്രസാദ്, അംബേദ്കർ, ശ്യാമപ്രസാദ് മുഖർജി എന്നിവരുടെ ശബ്ദരേഖകൾ പരിപാടിയിൽ കേൾപ്പിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളയുടെ ജനപ്രീതി, ലോകത്തിനു മുന്നിൽ ഇന്ത്യയ്ക്ക് അഭിമാനിക്കാനുള്ള കാര്യമാണെന്നും മോദി പറഞ്ഞു.

Tags:    

Similar News