അധികാരത്തിലിരിക്കുന്നവരുടെ മുഖത്തുനോക്കി സംസാരിക്കാൻ ധൈര്യപ്പെട്ടയാളാണ് രത്തൻ ടാറ്റ; മൻമോഹൻ സിങ്

Update: 2024-10-10 11:24 GMT

അന്തരിച്ച ടാറ്റാ ​ഗ്രൂപ്പ് ചെയർമാൻ രത്തൻ ടാറ്റയെ അനുസ്മരിച്ച് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്. രത്തൻ ടാറ്റയുടെ വിയോ​ഗത്തിൽ അ​ഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് അദ്ദേഹം ടാറ്റാ സൺസ് ചെയർപേഴ്സൺ എൻ.ചന്ദ്രശേഖരന് എഴുതിയ കത്തിൽ പറഞ്ഞു. ഇന്ത്യൻ വ്യാവസായിക മേഖലയിലെ അതികായനാണ് നമ്മെ വിട്ടുപിരിഞ്ഞതെന്നും മൻമോഹൻ സിങ് അഭിപ്രായപ്പെട്ടു.

ഒരു ബിസിനസ്സ് ഐക്കൺ എന്നതിലുപരിയായുള്ള വ്യക്തിത്വമായിരുന്നു രത്തൻ ടാറ്റയുടേതെന്ന് ഡോ.മൻമോഹൻ സിങ് പറഞ്ഞു. തന്റെ ജീവിതകാലത്ത് സ്ഥാപിക്കുകയും പോഷിപ്പിക്കുകയും ചെയ്ത നിരവധി സന്നദ്ധ പ്രവർത്തനങ്ങളിൽ അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടും മനുഷ്യത്വവും പ്രകടമായിരുന്നു. അധികാരത്തിലിരിക്കുന്നവരോട് മുഖത്തുനോക്കി സത്യം സംസാരിക്കാൻ ധൈര്യം കാണിച്ചയാളായിരുന്നു രത്തൻ ടാറ്റയെന്നും മൻമോഹൻ സിം​ഗ് പറഞ്ഞു.

"രത്തൻ ടാറ്റയ്ക്കൊപ്പം സമയം ചിലവഴിക്കാൻ പല അവസരങ്ങളും ലഭിച്ചിട്ടുണ്ട്. ഈയവസരം അദ്ദേഹത്തോടുള്ള ആദരാഞ്ജലികളർപ്പിക്കാൻ വിനിയോ​ഗിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ". മൻമോഹൻ സിം​ഗ് കത്ത് അവസാനിപ്പിക്കുന്നതിങ്ങനെ.

ജെ.ആർ.ഡി. ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബർ 28-നാണ് രത്തന്റെ ജനനം. രത്നം എന്നാണ്‌ ആ പേരിന്റെ അർഥം. മുംബൈയിലെ കാംപിയൻ, കത്തീഡ്രൽ ആൻഡ് ജോൺ കോനൻ സ്കൂളുകളിൽ പഠനം. ന്യൂയോർക്കിലെ ഇത്താക്കയിലുള്ള കോർണൽ സർവകലാശാലയിൽനിന്ന് ബിരുദം. ഇന്ത്യയിൽ മടങ്ങിയെത്തി 1962-ൽ ടാറ്റ മോട്ടോഴ്‌സിന്റെ പഴയരൂപമായ ടെൽകോയിൽ ട്രെയിനിയായി.

1991-ൽ ജെ.ആർ.ഡി. ടാറ്റയിൽനിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തു. 2012 വരെ 21 വർഷം ഈ സ്ഥാനത്ത് തുടർന്നു. ടാറ്റ സൺസിൽ ചെയർമാൻ എമരിറ്റസായ അദ്ദേഹം 2016-ൽ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതിനെത്തുടർന്ന് ഇടക്കാല ചെയർമാനായി വീണ്ടുമെത്തി. 2017-ൽ എൻ. ചന്ദ്രശേഖരനെ ചെയർമാനാക്കുന്നതുവരെ ആ സ്ഥാനത്തുതുടർന്നു. അവിവാഹിതനായിരുന്നു ടാറ്റ. മികച്ച പൈലറ്റും. വിദേശസർക്കാരുകളുടേതുൾപ്പെടെ ഒട്ടേറെ ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി.

Tags:    

Similar News