മാലേഗാവ് സ്ഫോടന കേസ്; പ്രഗ്യാ സിംങ് ഠാക്കൂറിന് വാറന്റ്

Update: 2024-03-11 13:38 GMT

മലേഗാവ് സ്ഫോടന കേസിലെ പ്രതിയും ബി.ജെ.പി എം.പിയുമായ പ്രഗ്യാ സിങ് താക്കൂറിനെതിരെ മും​ബൈയിലെ പ്രത്യേക എൻ.ഐ.എ കോടതിയുടെ വാറന്റ്. പ്രഗ്യയുടെ അഭിഭാഷകൻ അവർക്ക് സുഖമില്ലെന്ന് കാണിച്ച് മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം ഇളവിന് അപേക്ഷ സമർപ്പിച്ചിരുന്നു. തിങ്കളാഴ്ച ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാൽ, പ്രത്യേക ജഡ്ജി എ.കെ. ലഹോത്തി ഇളവ് അപേക്ഷ തള്ളുകയും പ്രഗ്യക്കെതിരെ 10,000 രൂപയുടെ ജാമ്യം ലഭിക്കാവുന്ന വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു. മാർച്ച് 20നകം റിപ്പോർട്ട് സമർപ്പിക്കാൻ എൻ.ഐ.എക്കും നിർദേശം നൽകി.

കേസിൽ മൊഴി രേഖപ്പെടുത്താൻ ഹാജരായില്ലെങ്കിൽ തുടർനടപടി നേരിടേണ്ടവരുമെന്ന് കോടതി രണ്ടാഴ്ച മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ആരോഗ്യ കാരണം ചൂണ്ടിക്കാട്ടി ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രഗ്യാ സിങ് നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു അദ്ദേഹം. കേസിൽ ബി.ജെ.പി എം.പിക്കു പുറമെ ആറുപേർ യു.എ.പി.എ ചുമത്തപ്പെട്ട് വിചാരണ നേരിടുന്നുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തിവരികയാണ് എൻ.ഐ.എ കോടതി.

പ്രഗ്യാസിങ് ഉൾപ്പെടെയുള്ള പ്രതികൾ നിരന്തരമായി കോടതിയിൽ ഹാജരാകുന്നില്ലെന്ന് ജസ്റ്റിസ് ലഹോത്തി ചൂണ്ടിക്കാട്ടി. പല കാരണങ്ങൾ നിരത്തി പലതവണ ഇളവ് ആവശ്യപ്പെട്ടപ്പോഴെല്ലാം കോടതി പരിഗണിച്ചിട്ടുണ്ട്. പലരും വിവിധ സംസ്ഥാനങ്ങളിൽനിന്ന് ഉള്ളവരാണെന്നാണ് കാരണമായി പറയുന്നത്. അവസാന നിമിഷം ടിക്കറ്റ് ലഭിക്കാൻ ബുദ്ധിമുട്ടാണെന്നും അതുകൊണ്ട് കോടതിയിലെത്താനാകില്ലെന്നുമാണു പറയാറ്. ആ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഇത്തവണ എല്ലാവർക്കും നേരത്തെ തന്നെ ദിവസം നിശ്ചയിച്ചുനൽകിയത്. ഈ കാരണം ഇനിയും പരിഗണിക്കാനാകില്ലെന്ന് ജഡ്ജി വ്യക്തമാക്കിയിരുന്നു.

ആവശ്യപ്പെട്ട ദിവസങ്ങളിൽ ചികിത്സയിലാണെന്നാണ് പ്രഗ്യാസിങ് ഹർജയിൽ വാദിച്ചത്. എന്നാൽ, ഇക്കാര്യം കോടതി അംഗീകരിച്ചില്ല. ഫെബ്രുവരി 27 മുതൽ ഒരു വീഴ്ചയും കൂടാതെ കോടതിയിലെത്തണം. ഇല്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. എല്ലാ പ്രതികളും മൊഴി പൂർണമായി രേഖപ്പെടുത്തിക്കഴിയുന്നതു വരെ മുംബൈയിലുണ്ടാകണമെന്നും കോടതി നിർദേശിച്ചു. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിൽ മുംബൈയിൽ ചികിത്സ തേടാമെന്ന നിർദേശവും മുന്നോട്ടുവെച്ചിരുന്നു.

2008 സെപ്റ്റംബർ 29നാണ് ഉത്തര മഹാരാഷ്ട്രയിലെ മലേഗാവിലെ മുസ്‌ലിം പള്ളിയിൽ രാജ്യത്തെ ഞെട്ടിച്ച സ്‌ഫോടനം നടന്നത്. പള്ളിയുടെ പരിസരത്ത് നിർത്തിയിട്ടിരുന്ന സ്‌ഫോടക വസ്തുക്കൾ നിറച്ച മോട്ടോർസൈക്കിൾ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ ആറുപേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്കു പരിക്കേൽക്കുകയും ചെയ്തു.

Tags:    

Similar News