ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാൽ ആകാശം ഒന്നും ഇടിഞ്ഞുവീഴില്ല; ബുൾഡോസർ രാജിനെതിരെ സുപ്രീം കോടതി

Update: 2024-09-17 11:18 GMT

വിവിധ സംസ്ഥാനങ്ങളിലെ ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാൽ ആകാശം ഒന്നും ഇടിഞ്ഞുവീഴില്ലെന്ന് തുറന്നടിച്ച സുപ്രീം കോടതി ഒക്ടോബര്‍ ഒന്നുവരെ ഇത്തരം നടപടികള്‍ നിര്‍ത്തിവെക്കാനും ഉത്തരവിട്ടു.

പൊതു റോഡുകൾ, നടപ്പാതകൾ, റെയിൽവേ ലൈനുകൾ, ജലാശയങ്ങൾ എന്നിവയിലെ കൈയേറ്റങ്ങൾക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും സുപ്രീം കോടതി ചൂണ്ടികാട്ടി.

കോടതിയുടെ അനുവാദം ഇല്ലാതെ കുറ്റാരോപിതരുടെ വീടുകളും മറ്റു വസ്തുക്കളും പൊളിക്കാൻ പാടില്ല. കുറ്റാരോപിതരായ വ്യക്തികളുടെ കെട്ടിടങ്ങൾ ശിക്ഷാനടപടിയായി പൊളിച്ചുനീക്കുന്ന വിവിധ സംസ്ഥാന സർക്കാരുകളുടെ നടപടികൾക്കെതിരെയുള്ള ഹർജിയിലാണ് കോടതി നടപടി.

ജഹാംഗീർ പുരിയിലെ പൊളിക്കലിനെതിരെ സി പി എം നേതാവ് വൃന്ദാ കാരാട്ട് നൽകിയ ഹർജികൾ ഉൾപ്പെടെ പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്. നേരത്തെയും ബുള്‍ഡോസര്‍ രാജിനെതിരെ  സുപ്രീം കോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.

Tags:    

Similar News