മഹാവികാസ് അഘാഡിയുടെ സംയുക്ത വാർത്താ സമ്മേളനം ഇന്ന്; തർക്കമുള്ള സീറ്റ് വിഷയത്തിൽ തീരുമാനം ഉണ്ടായേക്കും

Update: 2024-04-09 08:31 GMT

മഹാരാഷ്ട്രയിലെ പ്രതിപക്ഷ നിരയായ മഹാ വികാസ് അഘാഡിയുടെ സംയുക്ത വാ‍ർത്ത സമ്മേളനം ഇന്ന് മുംബൈയിൽ നടക്കും. സീറ്റ് വിഭജനത്തിലെ തർക്കങ്ങൾ കാരണം മാറ്റി വച്ച വാർത്ത സമ്മേളനമാണ് ഇന്ന് നടക്കുക. മുംബൈയിലെ ശിവസേന ഓഫീസ് ആയ ശിവാലയത്തിലാണ് പരിപാടി. മുതിർന്ന എൻസിപി നേതാവ് ശരദ് പവാർ, കോൺ​ഗ്രസ് അധ്യക്ഷൻ നാന പട്ടോള, ശിവസേന നേതാവ് ഉദ്ദവ് താക്കറെ എന്നിവ‌ർ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കും. കോൺ​ഗ്രസുമായി തർക്കത്തിലുളള സാംഗ്ളിയിൽ ശിവസേനയും ഭീവണ്ടിയിൽ എൻസിപിയും സ്ഥാനാർത്ഥികളെ നിർത്തിയത് സഖ്യത്തെ ഉലച്ചിരുന്നു.

വാർത്ത സമ്മേളനത്തിൽ സീറ്റു വിഭജനം അടക്കം നിർണായ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. അതേസമയം, പ്രകടനപത്രികയില്‍ മുസ്ലീം പ്രീണനമെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. കോണ്‍ഗ്രസ് പ്രതിരോധമുയര്‍ത്തിയിട്ടും മോദി ആക്ഷേപം തുടര്‍ന്നു. പ്രധാനമന്ത്രിയുടെ ആരോപണത്തോട് മുഖം തിരിച്ച രാഹുല്‍ ഗാന്ധി ആദിവാസികളെ ബിജെപി അപമാനിക്കുകയാണെന്ന് തിരിച്ചടിച്ചു. വര്‍ഗീയത ആളിക്കത്തിക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്‍റെ പരാതി.

പ്രകടനപത്രികയിലെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളെ മുസ്ലീം പ്രീണനമായി ചിത്രികരിച്ച് ഭൂരിപക്ഷത്തെ അകറ്റാനുള്ള മോദിയുടെ നീക്കമെന്നാണ് ആക്ഷേപം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രചാരണം നടത്താനുള്ള അന്തരീക്ഷമുണ്ടാകണമെന്നും മോദിക്കെതിരെ നടപടി വേണമെന്നും കോണ്‍ഗ്രസ് പരാതിയില്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ പരാമർശത്തിൽ ദുഃഖമുണ്ടെന്ന് പരാതി നല്‍കിയശേഷം കോണ്‍ഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് പറഞ്ഞു. പ്രധാനമന്ത്രി സൈനികരുടെ ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ പ്രചാരണത്തിനായി ഉപയോഗിക്കുകയാണെന്നും സല്‍മാൻ ഖുര്‍ഷിദ് ആരോപിച്ചു.

Tags:    

Similar News