കാനഡയുടെ നയതന്ത്ര പ്രതിനിധികളെ പുറത്താക്കി ഇന്ത്യ; അഞ്ചു ദിവസത്തിനകം രാജ്യം വിടണം, ഹൈക്കമ്മിഷണറെയും ഉദ്യോഗസ്ഥരെയും വിദേശകാര്യമന്ത്രാലയം തിരികെവിളിച്ചു

Update: 2024-10-15 00:53 GMT

ഡൽഹിയിലെ കനേഡിയൻ എംബസിയിലെ നയതന്ത്ര പ്രതിനിധികളെ പുറത്താക്കി ഇന്ത്യ. ആക്ടിങ് ഹൈക്കമ്മിഷണര്‍ സ്റ്റ്യുവര്‍ട്ട് റോസ് വീലര്‍, ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ പാട്രിക് ഹെബേര്‍ട്ട് എന്നിവര്‍ ഉള്‍പ്പെടെ ആറ് നയതന്ത്രപ്രതിനിധികളെയാണ് ഇന്ത്യ പുറത്താക്കിയത്. ശനിയാഴ്ച രാത്രി 12-നുമുന്‍പായി ഇന്ത്യ വിടണമെന്നാണ് ഇവര്‍ക്കുള്ള നിര്‍ദേശം. ഇതിനൊപ്പം കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറെയും നയതന്ത്ര ഉദ്യോഗസ്ഥരെയും വിദേശകാര്യമന്ത്രാലയം തിരിച്ചുവിളിച്ചിട്ടുമുണ്ട്. അതേസമയം കാനഡയും ഇന്ത്യയുടെ ഹൈക്കമ്മിഷണറടക്കം ആറു നയതന്ത്രപ്രതിനിധികളെ പുറത്താക്കി.

ഖലിസ്താന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജര്‍ വധക്കേസിനെച്ചൊല്ലിയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വീണ്ടും വഷളായത്. കേസുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരേ കടുത്ത ആക്ഷേപം ഉന്നയിച്ച കനേഡിയന്‍ സര്‍ക്കാരിനെ വിദേശകാര്യമന്ത്രാലയം രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. ഇന്ത്യയിലെ കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ സ്റ്റുവര്‍ട്ട് വീലറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു.

ഇരു രാജ്യങ്ങളും തമ്മിൽ ഒരു വർഷമായി തുടരുന്ന നയതന്ത്ര സംഘർഷമാണ് മറ്റൊരുതലത്തിലേക്ക് കടന്നത്. ഭീകരതയുടെയും അക്രമത്തിന്റെയും അന്തരീക്ഷത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് സുരക്ഷയൊരുക്കാൻ ട്രൂഡോ സർക്കാരിന് കഴിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതിനാൽ, ഹൈക്കമ്മിഷണറെ പിൻവലിക്കാൻ തീരുമാനിച്ചതായി ഇന്ത്യ പ്രഖ്യാപിച്ചു.

Tags:    

Similar News