ഇന്ത്യാ സഖ്യം ദേശീയ തലത്തിൽ മാത്രം ; മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും , ആം ആദ്മി പാർട്ടി

Update: 2024-08-05 15:28 GMT

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിന്‍റെ ഭാഗമാകില്ലെന്ന് ആം ആദ്മി പാര്‍ട്ടി. മുംബൈ മേഖലയിലെ 36 സീറ്റിലും പാർട്ടി ഒറ്റയ്ക്ക് മൽസരിക്കുമെന്ന് ആം ആദ്മി നേതാവ് പ്രീതി ശർമ പറഞ്ഞു. ഇന്ത്യാ സഖ്യം ദേശീയ തലത്തിലാണ് എന്ന് വ്യക്തമാക്കിയാണ് മഹാ വികാസ് അഖാഡിയുടെ ഭാഗമാകാൻ ഇല്ലെന്ന് പാര്‍ട്ടി അറിയിച്ചിട്ടുള്ളത്.

അതേസമയം, മദ്യനയഅഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഹൈക്കോടതിയിൽ ഇന്ന് തിരിച്ചടി നേരിട്ടിരുന്നു. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. വിചാരണ കോടതിയെ സമീപിക്കാൻ കോടതി നിർദേശം നൽകി. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പറയാൻ കഴിയില്ലെന്നും കോടതി വിലയിരുത്തി. നേരത്തെ ഇഡി രജിസ്റ്റർ ചെയ്ത കേസിൽ കെജ്രിവാളിന് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ സിബിഐ കേസ് നിലനിൽക്കുന്നതിനാൽ ജയിലിന് പുറത്തേക്ക് ഇറങ്ങാൻ സാധിച്ചിരുന്നില്ല.

സിബിഐ അറസ്റ്റ് ചോദ്യം ചെയ്തും ജാമ്യാപേക്ഷയുമായി രണ്ട് ഹർജികളായിരുന്നു ഇന്ന് ഡൽഹി കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. രണ്ടാഴ്ച മുമ്പ് ഇരുഹര്‍ജികളിലും വാദം പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റിയിരുന്നു. ഇന്ന് അറസ്റ്റ് റദ്ദാക്കുകയോ ജാമ്യം അനുവദിക്കുകയോ ചെയ്തിരുന്നെങ്കിൽ കെജ്രിവാളിന് ജയില്‍നിന്ന് പുറത്തിറങ്ങാൻ സാധിക്കുമായിരുന്നു.

Tags:    

Similar News