ആഗോള ഭീകരവാദികളെ സംരക്ഷിക്കാൻ ചൈനയും പാകിസ്ഥാനും കൂട്ടുനിൽക്കുന്നുവെന്ന് യുഎൻ പൊതുസഭയിൽ ഇന്ത്യ. റഷ്യ യുക്രൈൻ യുദ്ധം സമാധാന ശ്രമങ്ങളിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്നും വിദേശ കാര്യ മന്ത്രി എസ് ജയശങ്കർ ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഭീകരവാദ വിഷയത്തിൽ ചൈനക്കും പാകിസ്താനും ഇരട്ടത്താപ്പാണെന്നും മന്ത്രി വിമർശിച്ചു. ഐക്യരാഷ്ട്രസഭയിൽ പ്രഖ്യാപിത ഭീകരവാദികളെ സംരക്ഷിക്കുന്ന രാജ്യങ്ങൾ അവരുടെ സ്വന്തം താൽപ്പര്യങ്ങളോ ഖ്യാതിയോ ഉയർത്തുന്നില്ലെന്നത് ചൈനയ്ക്കും പാകിസ്ഥാനും ഒരു സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
പതിറ്റാണ്ടുകളായി അതിർത്തി കടന്നുള്ള ഭീകരതയുടെ ആഘാതം ഏറ്റുവാങ്ങിയ രാജ്യമാണ് ഇന്ത്യയെന്നും രാജ്യത്തിൻറെ കാഴ്ചപ്പാടിൽ ഒരു ഭീകരപ്രവർത്തനത്തിനും ന്യായീകരണമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റവാളികളെ ഉപരോധിച്ചുകൊണ്ടാണ് ഐക്യരാഷ്ട്രസഭ ഭീകരവാദത്തോട് പ്രതികരിക്കുന്നത്. യുഎൻഎസ് സി 1267 ഉപരോധത്തെ രാഷ്ട്രീയവത്കരിക്കുന്നവർ തീവ്രവാദികളെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. സ്വന്തം അപകടത്തിലേക്കാണ് അവർ പോകുന്നത്. അവർ സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നില്ലെന്നും ജയശങ്കർ പറഞ്ഞു.