ഗുജറാത്തിൽ അമൂൽ ബ്രാൻഡിനെതിരെ വ്യാജ പ്രചാരണം നടത്തിയ യുവാവിനെതിരെ കേസെടുത്ത് ഗുജറാത്ത് പൊലീസ്. അമൂൽ പാലിൽ യൂറിയ അടങ്ങിയിട്ടുണ്ടെന്നാണ് ഗാന്ധി നഗർ സ്വദേശിയായ ലക്ഷ്മികാന്ത് ഫേസ്ബുക്കിലൂടെ ആരോപിച്ചത്. ഒരു സർക്കാർ ലബോറട്ടറി തന്നെ ഇത് സ്ഥിരീകരിക്കുന്നതായും യുവാവ് വാദിക്കുന്നുണ്ട്. സംഭവം ശ്രദ്ധയിൽ പെട്ട അമൂൽ ബ്രാൻഡിന്റെ ഉടമസ്ഥതയിലുള്ള 'ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷന്റെ' നിർമാണ യൂണിറ്റായ അമുൽ ഫെഡിലെ ഉദ്യോഗസ്ഥനാണ് യുവാവിനെതിരെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ലക്ഷ്മികാന്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ലക്ഷ്മികാന്ത് ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അമുൽ ബ്രാൻഡിന്റെ അന്തസ് നശിപ്പിക്കാനുള്ള ശ്രമമാണ് ഈ ആരോപണത്തിന് പിന്നിലെന്നും കമ്പനി നൽകിയ പരാതിയിൽ പറയുന്നു. IPC ,സെക്ഷൻ 500 (അപകീർത്തിപ്പെടുത്തൽ) 505 (പൊതുജനദ്രോഹത്തിന് കാരണമാകുന്ന പ്രസ്താവനകൾ) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.