റെയിൽവേ പൊലീസുമായി വാ​ഗ്വാദം; ഭീകരാക്രമണത്തിന് സാധ്യതയെന്ന് കൺട്രോൾ റൂമിലേക്ക് വ്യാജഫോണ്‍ സന്ദേശം

Update: 2023-01-14 10:48 GMT

തീവ്രവാദി ആക്രമണത്തിന് സാധ്യതയുണ്ടെന്ന് റെയിൽവേ കണ്‍ട്രോള്‍ റൂമിലേക്ക് വ്യാജ ഫോണ്‍ സന്ദേശം. പൂനെ റെയിൽവേ സ്റ്റേഷന്‍ കണ്‍ട്രോള്‍ റൂമിലേക്കാണ് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് കോൾ എത്തിയത്. ഇതിനെ തുടർന്ന് സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കി. പിന്നീട് സന്ദേശം വ്യാജമായിരുന്നു എന്ന് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് കോൾ ലഭിച്ചത്.

ട്രെയിനിൽ വെച്ച് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സുമായി തർക്കിച്ചതിനെ തുടർന്ന് രോഷാകുലനായ ആളാണ് ഇത്തരത്തിൽ കൺട്രോൾ റൂമിലേക്ക് വ്യാജ അറിയിപ്പ് നൽകിയത്. ഇയാളെ പിന്നീട് കണ്ടെത്തിയതായും അധികൃതർ വ്യക്തമാക്കി. സന്ദേശം എത്തിയതിനെ തുടർന്ന് റെയിൽവേ സ്റ്റേഷനിലെ സുരക്ഷ വർദ്ധിപ്പിക്കുകയും അന്വേഷണം നടത്തുകയും ചെയ്തെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്ന് അധികൃതർ കൂട്ടിച്ചേർത്തു. 

കോൾ ചെയ്ത ആളെ കത്രാജ് ഏരിയയിൽ നിന്ന് കണ്ടെത്തി. ചോദ്യം ചെയ്യലിൽ, ട്രെയിനിൽ ആർ‌പി‌എഫ് ഉദ്യോഗസ്ഥരുമായി ഉണ്ടായ വാ​ഗ്വാദത്തെ തുടർന്ന് ദേഷ്യം വന്നെന്നും അതുകൊണ്ടാണ് വ്യാജ കോൾ ചെയ്യാൻ തീരുമാനിച്ചെന്നും അയാൾ പോലീസിനോട് പറഞ്ഞു. ഇയാൾക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കി.

Similar News