ഹരിയാനയിൽ കെട്ടിടങ്ങൾ പൊളിച്ച് നീക്കി ജില്ലാ ഭരണകൂടം; പൊളിക്കുന്നത് അനധികൃത കെട്ടിടങ്ങളെന്ന് വിശദീകരണം

Update: 2023-08-05 11:21 GMT

വർ​ഗീയ സംഘർഷത്തിന് പിന്നാലെ ഹരിയാന നൂഹിൽ ജില്ലാ ഭരണകൂടം ജെസിബി ഉപയോ​ഗിച്ച് കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നു. അനധികൃതമാ‌യി നിർമിച്ച കെട്ടിടങ്ങളാണ് പൊളിക്കുന്നതെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. ശനിയാഴ്ച രാവിലെ 25ഓളം മെഡിക്കൽ സ്റ്റോറുകളും മറ്റ് വ്യവസായ സ്ഥാപനങ്ങളും ഇതിനോടകം പൊളിച്ച് നീക്കി കഴിഞ്ഞു. അക്രമം നടന്ന നുഹിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള തെരുവിൽ താമസിക്കുന്ന കുടിയേറ്റക്കാരുടെ കുടിൽ വ്യാഴാഴ്ച വൈകുന്നേരം സർക്കാർ ഭൂമി കയ്യേറിയെന്നാരോപിച്ച് പൊളിച്ചുനീക്കിയിരുന്നു.

ഷഹീദ് ഹസൻ ഖാൻ മേവാതി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രധാന കവാടത്തിന് എതിർവശത്തുള്ള മെ‍ഡിക്കൽ സ്റ്റോറുകളാണ് കനത്ത പൊലീസ് സന്നാഹത്തോടെ പൊളിച്ചു നീക്കിയത്. വർഷങ്ങളായി ഇവിടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് പൊളിച്ചത്. മൂന്ന് ദിവസമായുള്ള നടപടി അധികൃതർ ഇപ്പോഴും തുടരുകയാണ്. വിവിധ പ്രദേശങ്ങളിലെ 50 മുതൽ 60 വരെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി. അറസ്റ്റ് ഭയന്ന് പ്രദേശത്തെ നിരവധി പേർ പലായനം ചെയ്തെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സംഘർഷത്തെ തുടർന്ന് നൂഹിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നൂഹുൽ പൊട്ടിപ്പുറപ്പെട്ട സംഘർഷം ഗുരുഗ്രാമിലേക്കും വ്യാപിക്കുകയായിരുന്നു. രണ്ട് ഹോം ഗാർഡുകളും മതപണ്ഡിതനുമടക്കം ആറ് പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ജില്ലാ ഭരണകൂടത്തിന്റെ ബുൾഡോസർ നടപടിക്കെതിരെ എംഎൽഎയും കോൺഗ്രസ് നേതാവുമായ അഫ്താബ് അഹമ്മദ് രം​ഗത്തെത്തി. പാവപ്പെട്ടവരുടെ വീടും ജീവനോപാധികളുമാണ് നൂഹിൽ അധികൃതർ പൊളിച്ചുനീക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഭരണ പരാജയങ്ങൾ മറച്ചുവെക്കാൻ സർക്കാർ തെറ്റായ നടപടി സ്വീകരിക്കുകയാണെന്നും അടിച്ചമർത്തൽ നയമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 202 പേരെ അറസ്റ്റ് ചെയ്തതായും 80 പേരെ കരുതൽ തടങ്കലിൽ പാർപ്പിച്ചതായും ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് പറഞ്ഞു. അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 106 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്

Tags:    

Similar News