കൊൽക്കത്ത ബലാത്സംഗക്കൊല: ആർ.ജി കർ മെഡി. കോളജ് മുൻ പ്രിൻസിപ്പലിന്‍റെ രജിസ്ട്രേഷനും ലൈസൻസും റദ്ദാക്കി

Update: 2024-09-19 13:21 GMT

വനിതാ ഡോക്ടർ ബലാത്സംഗത്തിനരയായി കൊല്ലപ്പെട്ട ആർ.ജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ രജിസ്ട്രേഷനും ലൈസൻസും റദ്ദാക്കി. പശ്ചിമ ബംഗാൾ മെഡിക്കൽ കൗൺസിലാണ് സന്ദീപ് ഘോഷിന്റെ രജിസ്ട്രേഷനും ലൈസൻസും റദ്ദാക്കിയത്. വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ സന്ദീപ് ഘോഷ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചതായി സിബിഐ പറഞ്ഞിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിപ്പിച്ചതായും മൃതദേഹം സംസ്കരിക്കാൻ തിടുക്കം കാട്ടിയെന്നും സിബിഐ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ആഗസ്റ്റ് ഒമ്പതിന് വനിതാ ഡോക്ടർ കൊല്ലപ്പെട്ട ദിവസം താല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനുമായി സന്ദീപ് ഘോഷ് ഫോണിൽ സംസാരിച്ചതിന് തെളിവുകൾ സിബിഐക്ക് ലഭിച്ചിരുന്നു.

എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിനും തെളിവുകൾ നശിപ്പിച്ചതിനും ഇയാളെ സിബിഐ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കേസിൽ താല പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ അഭിജിത് മൊണ്ടലിനെയും അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ, സന്ദീപ് ഘോഷിൻ്റെയും മൂന്ന് കൂട്ടാളികളുടെയും വീടുകളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. ഒരേസമയമാണ് വീടുകളിൽ റെയ്ഡ് നടത്തിയത്. ബെലിയാഘട്ടയിലെ ഘോഷിൻ്റെ വസതിയിലും ഹൗറയിലെയും സുഭാഷ്ഗ്രാമിലെയും രണ്ട് സ്ഥലങ്ങളിലുമാണ് റെയ്ഡ് നടത്തിയത്. വനിതാ ഡോക്ടർ കൊല്ലപ്പെട്ടതിനു പിന്നാലെ ഇയാൾക്കെതിരെ ഡോക്ടറുടെ കുടുംബവും സുഹൃത്തുക്കളും ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

Tags:    

Similar News