ഷിരൂരില്‍ അര്‍ജുന് വേണ്ടി തിരച്ചില്‍ നാളെ പുനരാരംഭിക്കും 

Update: 2024-09-19 04:02 GMT

ഉത്തരകന്നഡയിലെ അങ്കോലയ്ക്കടുത്ത് ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ വെള്ളിയാഴ്ച പുനരാരംഭിക്കാന്‍ തീരുമാനം. നിലവില്‍ കാലാവസ്ഥ അനുകൂലമാണെന്ന നിഗമനത്തിലാണ് തിരച്ചില്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.

തെരച്ചിൽ നടത്താനുള്ള ഡ്രഡ്ജർ കാർവാർ തുറമുഖത്ത് എത്തി. ഡ്രഡ്ജർ അടങ്ങിയ ടഗ് ബോട്ട് നാളെ രാവിലെയാകും ഗംഗാവലിപ്പുഴയിലൂടെ ഷിരൂരിലെത്തുക. നാവികസേനയുടെ സംഘം ഇന്ന് ഗംഗാവലിപ്പുഴയിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് വിശദമായ പരിശോധന നടത്തും.

ഇരുപത്തിയെട്ടര മീറ്റർ നീളവും എട്ട് മീറ്റർ വീതിയുമുള്ള, മൂന്നടി വരെ വെള്ളത്തിന്‍റെ അടിത്തട്ടിൽ മണ്ണെടുക്കാൻ കഴിയുന്ന ഡ്രഡ്‍ജറാണ് ഗോവൻ തീരത്ത് നിന്ന് ബുധനാഴ്ച ഉച്ചയോടെ കാർവാർ തുറമുഖത്ത് എത്തിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ഡ്രഡ്‍ജർ എത്തുമെന്നായിരുന്നു കണക്ക് കൂട്ടലെങ്കിലും കടലിൽ ശക്തമായ കാറ്റുണ്ടായിരുന്നതിനാലും മത്സ്യത്തൊഴിലാളികളുടെ വലയും മറ്റും മാറ്റാൻ കാത്ത് നിന്നതിനാലുമാണ് വരവ് വൈകിയത്. മണ്ണും പാറക്കെട്ടും മരങ്ങളും എടുക്കാനുളള ഒരു ഹിറ്റാച്ചി, ഡ്രഡ്ജറിനെ പുഴയിലുറപ്പിച്ച് നിർത്താനുള്ള രണ്ട് ഭാരമേറിയ തൂണുകൾ, തൂണ് പുഴയിലിറക്കാനും പുഴയിൽ നിന്ന് വസ്തുക്കൾ എടുക്കാനും കഴിയുന്ന ഒരു ക്രെയിൻ എന്നിവയാണ് ഇതിന്‍റെ പ്രധാനഭാഗങ്ങൾ.

ഗംഗാവലിപ്പുഴയിലെ രണ്ട് പാലങ്ങളാണ് ഡ്രഡ്ജർ അടങ്ങിയ ബോട്ട് എത്തിക്കാനുള്ള ഒരു പ്രധാന വെല്ലുവിളി. ഗോകർണത്തെ ബന്ധിപ്പിക്കുന്ന ഗംഗാവലിപ്പുഴയിലെ പുതിയ പാലത്തിന് ഉയരം കുറവാണ്. അതിനാൽ ഇന്ന് പാലത്തിനടുത്ത് എത്തിച്ച ശേഷം ഒരു പകൽ കാത്ത് നിന്ന് വൈകിട്ട് വേലിയിറക്ക സമയത്ത് പുഴയിലെ ഒഴുക്ക് കുറയുമ്പോഴേ ടഗ് ബോട്ട് പാലം കടക്കൂ. ശേഷം ഉള്ള ഒരു റെയിൽപ്പാലവും കടന്ന് നാളെ പുലർച്ചെയോടെ ഡ്രഡ്ജർ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ ഇടത്ത് എത്തിക്കാനാണ് നിലവിലെ ശ്രമം. 

അതിന് മുന്നോടിയായി ഇന്ന് നാവികസേനാ സംഘം പുഴയിലെ ഒഴുക്ക് പരിശോധിക്കും. ലോറി ഉണ്ടാകാൻ ഏറ്റവുമധികം സാധ്യത കൽപിക്കപ്പെടുന്ന സ്ഥലത്ത് പുഴയുടെ അടിത്തട്ടിൽ സോണാർ പരിശോധനയും നടത്തും. ശേഷമാകും ഡ്രഡ്‍ജിംഗ് രീതി തീരുമാനിക്കുക. ടഗ് ബോട്ടിലെ തൊഴിലാളികളുടെയും ദൗത്യസംഘത്തിന്‍റെയും സുരക്ഷ കൂടി കണക്കിലെടുത്താകും തെരച്ചിൽ എങ്ങനെ തുടരണമെന്നതിൽ അന്തിമതീരുമാനമുണ്ടാകുക.

Tags:    

Similar News