മാധ്യമപ്രവർത്തകരെ ജോലിചെയ്യാൻ അനുവദിച്ചില്ല; ആദായനികുതി വകുപ്പിനെതിരേ ബിബിസി

Update: 2023-02-19 11:11 GMT

ആദായ നികുതി വകുപ്പിന്റെ പരിശോധനാനടപടികൾ പുരോഗമിക്കുമ്പോൾ തങ്ങളുടെ മാധ്യമപ്രവർത്തകരെ മണിക്കൂറുകളോളം ജോലി ചെയ്യാൻ അനുവദിച്ചില്ലെന്ന് ബിബിസി. ഉദ്യോഗസ്ഥർ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതായും ബിബിസി ആരോപിച്ചു. ബിബിസി ഹിന്ദി വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തിലൂടെയാണ് സ്ഥാപനത്തിന്റെ വിമർശനം.

ജീവനക്കാരുടെ കമ്പ്യൂട്ടറുകളും മൊബൈൽ ഫോണും പിടിച്ചെടുത്തതായും പ്രവർത്തനരീതി ചോദിച്ചറിഞ്ഞതായും ലേഖനത്തിൽ പറയുന്നു. സർവേ നടപടികളെ കുറിച്ചെഴുതുന്നതിന് വിലക്കുണ്ടായിരുന്നു. ജോലി ചെയ്യാൻ അനുവദിക്കണമെന്ന് മുതിർന്ന എഡിറ്റർമാർ പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇംഗ്ലീഷ്, ഹിന്ദി വിഭാഗത്തിലുള്ളവരെ ഉദ്യോഗസ്ഥർ അതിന് അനുവദിച്ചില്ലെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. പ്രക്ഷേപണസമയം അവസാനിച്ചതിനുശേഷം മാത്രമാണ് ഇവരെ ജോലി ചെയ്യാൻ അനുവദിച്ചതെന്നും ബിബിസി കൂട്ടിച്ചേർത്തു.

ബിബിസിയുടെ ഔദ്യോഗിക വരുമാനവും രാജ്യത്തെ പ്രവർത്തനങ്ങളുടെ സ്‌കെയിലും അനുപാതികമല്ലെന്ന് ചൂണ്ടിക്കാട്ടി ആദായ നികുതി വകുപ്പ് രംഗത്തെത്തിയിരുന്നു. രേഖകളും കരാറുകളും ഹാജരാക്കാൻ ആവശ്യപ്പെട്ട അവസരങ്ങളിൽ ബിബിസി ജീവനക്കാർ മനഃപൂർവ്വം വൈകിച്ചതായും വകുപ്പ് ആരോപിച്ചിരുന്നു. ചൊവ്വാഴ്ച പകൽ 11.30ഓടെയാണ് ആദായനികുതി ഉദ്യോഗസ്ഥർ റെയ്ഡിനായി ഡൽഹി, മുംബൈ ഓഫീസുകളിൽ എത്തിയത്. പോലീസ് സുരക്ഷയിലായിരുന്നു പരിശോധന. 

Tags:    

Similar News