ലോക്സഭാ തെരഞ്ഞെടുപ്പ് ; പ്രധാന ശ്രദ്ധാകേന്ദ്രമായി അമേഠിയും റായ്ബറേലിയും
ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ അഞ്ചാം ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്‌ച നടക്കും. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ള 49 സീറ്റുകളിലേക്കാണ് അന്നേദിനം വോട്ടെടുപ്പ്. ആകെ ഏഴ് ഘട്ടങ്ങളാണ് ഇത്തവണത്തെ ഇന്ത്യന്‍ പൊതു തെരഞ്ഞെടുപ്പിലുള്ളത്. നാല് ഘട്ടങ്ങളിലെ പോളിംഗ് ഇതിനകം പൂര്‍ത്തിയായി.
വോട്ടെടുപ്പ് നടക്കുന്ന ലോക്‌സഭ മണ്ഡലങ്ങളുടെ എണ്ണം പരിഗണിച്ചാല്‍ ഏറ്റവും കുറവ് സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത് അഞ്ചാം ഘട്ടത്തിലാണ്. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 49 മണ്ഡലങ്ങളാണ് തിങ്കളാഴ്‌ച പോളിംഗ് ബൂത്തിലെത്തുന്നത്. 695 സ്ഥാനാര്‍ഥികളാണ് അഞ്ചാം ഘട്ടത്തില്‍ ആകെയുള്ളത്. ബിഹാര്‍ (5 മണ്ഡലങ്ങള്‍), ജമ്മു ആന്‍ഡ് കശ്‌മീര്‍ (1), ജാര്‍ഖണ്ഡ് (3), ലഡാക്ക് (1), മഹാരാഷ്ട്ര (13), ഒഡീഷ (5), ഉത്തര്‍പ്രദേശ് (14), പശ്ചിമ ബംഗാള്‍ (7) സംസ്ഥാനങ്ങളിലെ മണ്ഡലങ്ങള്‍ പോളിംഗ് ബൂത്തിലെത്തും.
ഉത്തര്‍പ്രദേശിലെ അമേഠിയും റായ്‌ബറേലിയുമാണ് അഞ്ചാം ഘട്ട വോട്ടെടുപ്പിലെ ശ്രദ്ധേയ മണ്ഡലങ്ങള്‍. റായ്‌ബറേലിയില്‍ രാഹുല്‍ ഗാന്ധിയും (കോണ്‍ഗ്രസ്/ഇന്ത്യാ മുന്നണി), ദിനേശ് പ്രതാപ് സിംഗും (ബിജെപി/എന്‍ഡിഎ) തമ്മിലാണ് പ്രധാന മത്സരം. അമേഠിയില്‍ സ്‌മൃതി ഇറാനിയും (ബിജെപി/എന്‍ഡിഎ) കിഷോരി ലാല്‍ ശര്‍മ്മ (കോണ്‍ഗ്രസ്/ഇന്ത്യാ മുന്നണി) തമ്മിലും പോരാട്ടം നടക്കും. രാജ്‌നാഥ് സിംഗ് മത്സരിക്കുന്ന ലഖ്‌നൗവും പീയുഷ് ഗോയല്‍ മത്സരിക്കുന്ന മുംബൈ നോര്‍ത്തും ചിരാഗ് പാസ്‌വാന്‍റെ ഹജിപൂരും ഒമര്‍ അബ്‌ദുള്ളയുടെ ബാരാമുള്ളയും അഞ്ചാം ഘട്ടത്തില്‍ ശ്രദ്ധേയ മത്സരങ്ങള്‍ നടക്കുന്നയിടങ്ങളാണ്.
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നാല് ഘട്ടങ്ങള്‍ ഇതിനകം അവസാനിച്ചിട്ടുണ്ട്. ഏപ്രില്‍ 19, 26, മെയ് 7, 13 എന്നീ ദിവസങ്ങളിലായായിരുന്നു വോട്ടെടുപ്പ് നടന്നത്. മെയ് 20, മെയ് 25, ജൂണ്‍ 1 തിയതികളിലായി അവസാന ഘട്ടങ്ങള്‍ നടക്കും. രാജ്യത്തെ 542 സീറ്റുകളിലും ജൂണ്‍ നാലാം തിയതിയാണ് വോട്ടെടുപ്പ് നടക്കുക.