തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലെ അരവിന്ദ് കെജ്രിവാളിന്റെ പരാമർശം ; നടപടി വേണമെന്ന ഇഡിയുടെ ആവശ്യം തള്ളി സുപ്രീംകോടതി

Update: 2024-05-16 12:34 GMT

അരവിന്ദ് കെജ്‌രിവാളിന്റെ തെരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗത്തിനെതിരെ ഇ.ഡി നൽകിയ അപ്പീൽ പരിഗണിക്കാതെ സുപ്രിംകോടതി. എ.എ.പിക്ക് വോട്ട് ചെയ്താൽ ജയിലിലേക്കു തിരിച്ചുപോകേണ്ടി വരില്ലെന്ന കെജ്‌രിവാളിന്റെ പരാമർശം ഉയർത്തിയായിരുന്ന ഇ.ഡി കോടതിയെ സമീപിച്ചത്. എന്നാൽ, ജയിലിൽ പോകേണ്ടിവരില്ലെന്നു പറഞ്ഞത് അദ്ദേഹത്തിന്റെ കാഴ്ചപ്പാടാണെന്നും കേസിനെപ്പറ്റി പരാമർശിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കെജ്‌രിവാളിന്റെ പരാമർശത്തിൽ നടപടി വേണമെന്നായിരുന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടത്. എന്നാൽ, ആവശ്യം തള്ളിയ കോടതി ശക്തമായ നിരീക്ഷണങ്ങളും നടത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ അനുമതി നൽകുക വഴി കെജ്‌രിവാളിനു പ്രത്യേകമായി എന്തെങ്കിലും പരിഗണന നൽകിയിട്ടില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. കോടതിവിധിയെ വിമർശനാത്മകമായി വിലയിരുത്തുന്നത് സ്വാഗതാർഹമാണെന്നും കോടതി സൂചിപ്പിച്ചു.

കഴിഞ്ഞയാഴ്ച ഡൽഹിയിലെ ഉത്തം നഗറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു കെജ്‌രിവാളിന്റെ പരാമർശം. ''20 ദിവസത്തിനുശേഷം ജയിലിലേക്കു തിരിച്ചുപോകേണ്ടിവരുമെന്നാണ് ബി.ജെ.പിക്കാർ എന്നോട് പറയുന്നത്. നിങ്ങൾ ചൂൽ ചിഹ്നത്തിൽ(എ.എ.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം) കുത്തിയാൽ എനിക്ക് ജയിലിലേക്കു തിരിച്ചുപോകേണ്ടിവരില്ല. നിങ്ങളുടെ കൈകളിൽ അതിനുള്ള ശക്തിയുണ്ട്.''-ഇങ്ങനെയായിരുന്നു കെജ്‌രിവാളിന്റെ പരാമർശം.

ഡൽഹി മദ്യനയ അഴിമതിക്കേസിൽ മേയ് 10നാണ് സുപ്രിംകോടതി കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂൺ രണ്ടിന് കോടതിയിൽ ഹാജരാകാൻ വിധിയിൽ നിർദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്യാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാർച്ച് 21ന് ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.

Tags:    

Similar News